ബർലിൻ
യുവതുർക്കികളുടെ ബലത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ജർമൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻമാരായി. ഇരുപതുകാരൻ എർലിങ് ഹാലൻഡിന്റെയും ഇരുപത്തൊന്നുകാരൻ ജെയ്ഡെൻ സാഞ്ചോയുടെയും ഇരട്ടഗോളുകളിൽ ആർബി ലെയ്പ്സിഗിനെ 4–-1ന് തകർത്തു. ഇത് അഞ്ചാംവട്ടമാണ് ഡോർട്ട്മുണ്ട് ജർമൻ കപ്പ് സ്വന്തമാക്കുന്നത്.
കന്നിക്കിരീടവുമായി മടങ്ങാമെന്ന ലെയ്പ്സിഗ് പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്റെ മോഹം ഹാലൻഡും സാഞ്ചോയും മായ്ച്ചു. ഈ സീസണിൽ ടീം വിടുന്ന നാഗെൽസ്മാൻ ബയേൺ മ്യൂണിക്കിലേക്കാണ് ചേക്കേറുന്നത്.
ലെയ്പ്സിഗിനെതിരെ ഒരിക്കൽപ്പോലും ഡോർട്ട്മുണ്ട് പിന്നോക്കം പോയില്ല. സാഞ്ചോയാണ് ആദ്യമടിച്ചത്. പിന്നാലെ ഹാലൻഡും. ലെയ്പ്സിഗിന്റെ ഉശിരനായ പ്രതിരോധക്കാരൻ ദയോട്ട് ഉപമെകാനോയെ കാഴ്ചക്കാരനാക്കിയായിരുന്നു സാഞ്ചോ രണ്ടാമത് വല കണ്ടത്. ഹാലൻഡിന്റെ രണ്ടാംഗോളിന് വഴിയൊരുക്കിയതും ഈ ഇംഗ്ലണ്ട് വിങ്ങറാണ്.
ഈ സീസണിൽ 39 കളിയിൽ 39 ഗോളാണ് ഹാലൻഡ് അടിച്ചത്.