കോഴിക്കോട് > മഞ്ചേരി ഗവണ്മെന്റ് മെഡിക്കല് കോളേജില് ഓക്സിജന് പ്ലാന്റ് സ്ഥാപിക്കാന് കേന്ദ്രസര്ക്കാര് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം എംപി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം രൂഷമായ ജില്ലകളിലൊന്നാണ് മലപ്പുറം. ഇവിടെ ഓക്സിജന് പ്ലാന്റിന്റെ അടിത്തറ നിര്മ്മാണം സംസ്ഥാന സര്ക്കാര് പൂര്തീകരിച്ചിരുന്നു. കേന്ദ്രആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ നിര്ദേശാനുസരണം ഡി ആര്ഡിഒ , എച്ച് എല് എല് ഇന്ഫ്രാടെക് സര്വ്വീസസ്ലിമിറ്റഡ് ആണ് പ്ലാന്റ് സ്ഥാപിക്കുമെന്നറിയിച്ചത്. പ്ലാന്റിന്റെ സിവില് -ഇലക്ട്രിക്കല് പ്രവൃത്തികളുടെ ചുമതലയുള്ള ദേശീയ പാത അതോറിറ്റിയുടെ നിദേശാനുസൃതമാണ് സംസ്ഥാന സര്ക്കാര് അടിത്തറ നിര്മ്മാണം പൂര്തിയാക്കിയതും . എന്നാല് ഓക്സിജന് പ്ലാന്റുകള് അനുവദിച്ച് കേന്ദ്രസര്ക്കാര് കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവില് മലപ്പുറം ജില്ലയില്ല.
ഇതുകാരണം പ്രവൃത്തി നിര്ത്താന് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടിരിക്കയാണ്. കേന്ദ്രസര്ക്കാര് ഉത്തരവ് പുന: പരിശോധിച്ച് മലപ്പുറം ജില്ലയെ ഉള്പ്പെടുത്തി മുന്ഗണനാ പട്ടിക വീണ്ടും പ്രസിദ്ധീകരിക്കണം- കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി ഹര്ഷവര്ധനന് അയച്ച കത്തില് എളമരം കരീം ആവശ്യപ്പെട്ടു.