കൊച്ചി> എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ 70ശതമാനവും കുടുംബത്തിനുള്ളിലാണ് സംഭവിക്കുന്നതെന്നും അതീവ ജാഗ്രത അനിവാര്യമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മഴക്കാല മുന്നൊരുക്കങ്ങളും വിലയിരുത്തി.
വീടിനുള്ളിലും മാസ്ക് ധരിക്കുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവർ വീട്ടിലുണ്ടെങ്കിൽ വീട്ടിലെ മറ്റുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ വീട്ടിൽ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്ന് യോഗം വിലയിരുത്തി.
വീടുകളിൽ വെച്ച് മരണം സംഭവിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ല. പോസിറ്റീവ് ആയ രോഗികൾ മരിച്ചാൽ പോസിറ്റീവ് ഡെത്തും നെഗറ്റീവ് ആണെങ്കിൽ നെഗറ്റീവ് ഡെത്ത് ആയും കണക്കാക്കും. കുടുംബാംഗങ്ങൾക്ക് മരണശേഷമുള്ള മറ്റു നടപടികളിലേക്ക് കടക്കാം. ഇതു സംബന്ധിച്ച് എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ കൂടുതൽ ആൻ്റിജെൻ പരിശോധനകൾ നടപ്പാക്കും. കൂടുതൽ ആൻ്റി ജെൻ കിറ്റുകൾ കെഎംസിഎല്ലിൽ നിന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.