ബട്ടർ ചിക്കൻ കേക്ക് എന്ന് കേട്ട് കേക്കിനുള്ളിൽ ബട്ടർ ചിക്കൻ ഒഴിച്ച് തയ്യാറാക്കിയ കേക്ക് എന്ന് തെറ്റിദ്ധരിക്കേണ്ട. ബട്ടർ ചിക്കന്റെ രുചിയുള്ള കേക്കും അല്ല സംഭവം. ഒരു പാത്രത്തിൽ ബട്ടർ ചിക്കൻ ഒഴിച്ച് വച്ചാൽ എങ്ങനെയിരിക്കും അത് പോലെ തോന്നിപ്പിക്കുന്ന കേക്ക്. നതാലി സൈഡ്സെർഫ് എന്ന് പേരുള്ള അമേരിക്കൻ പെയ്‌സ്ട്രി ഷെഫ് ആണ് ബട്ടർ ചിക്കൻ കേക്കിന്റെ പിന്നിൽ. സാധാരണഗതിയിൽ നമ്മൾ ഒരു ഹോട്ടലിൽ ചെന്ന് ബട്ടർ ചിക്കെൻ ആവശ്യപ്പെട്ടാൽ ഒരു കോപ്പർ പത്രത്തിലല്ലേ വിഭവം ലഭിക്കാറുള്ളത്. അതിന് സമാനമായാണ് ബട്ടർ ചിക്കൻ കേക്ക് തയ്യാറാക്കിയിരിക്കുന്നത്.
സ്പോഞ്ജ് കേക്കും ബട്ടർ ക്രീമും ഉപയോഗിച്ച് താൻ എങ്ങനെയാണ് ബട്ടർ ചിക്കൻ കേക്ക് തയ്യാറാക്കാൻ തുടങ്ങിയത് എന്ന് നതാലി യൂട്യൂബ് വിഡിയോയിൽ വിശദീകരിക്കുന്നു. ചോക്കലേറ്റിന്റെ ഷീറ്റ് ചുറ്റും പതിപ്പിച്ചാണ് കോപ്പർ പത്രത്തിന്റെ അതെ പോലുള്ള പ്രതീതിയുണ്ടാക്കിയത്. മുറിച്ചെടുക്കുക കേക്ക് കഷണങ്ങൾ ഭംഗിയായി ക്രമീകരിച്ചപ്പോൾ ചിക്കൻ ചങ്ക്‌സ് റെഡി. ഗ്രേവിയ്ക്കായി സ്ട്രോബെറി സോസിൽ ചുവപ്പും വെളുപ്പും ഫുഡ് കളർ കലർത്തി കൂട്ടിയിലാക്കിയതോടെ സംഭവം ഉഷാർ, പെർഫെക്റ്റ് ഓക്കെ.
തന്റെ ഇന്ത്യൻ ആരാധക്കുള്ള സമ്മാനം എന്ന് വ്യക്തമാക്കി നതാലി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരംകൊണ്ട് വൈറലായി. 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. പ്രതികരണങ്ങളിൽ കൂടുതലും ഇന്ത്യയിൽ നിന്നാണ്. പലരും ബട്ടർ ചിക്കൻ കേക്കിന്റെ കൃത്യതയെ പ്രകീർത്തിക്കുന്നുണ്ട്,. ഒരു വിദ്വാൻ സ്ട്രോബെറി സോസിൽ അല്പം ബട്ടർ ചിക്കൻ മസാല ചേർത്തിരുന്നെങ്കിൽ ഒരുപക്ഷെ യഥാർത്ഥ ബട്ടർ ചിക്കൻ രുചി കേക്കിന് കിട്ടിയേനെ എന്നും പ്രതികരണം അറിയിച്ചിട്ടുണ്ട്.