തിരുവനന്തപുരം
കോൺഗ്രസിന്റെ തോൽവിക്ക് കാരണം നേതാക്കൾ തമ്മിലുള്ള അനൈക്യമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ കേരളത്തിൽനിന്ന് ഒഴിവാക്കി ഡൽഹിയിൽ ചുമതല നൽകാൻ നീക്കം. എന്നാൽ പഴയ പോലെ ഡൽഹിയിൽ അവസരങ്ങളില്ലാത്തതിനാൽ പറ്റില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് പദം, കെപിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ ഉന്നമിട്ട് എംപിമാരടക്കം ഡസൻപേർ രംഗത്തുള്ളതാണ് ഹൈക്കമാൻഡിനെ കുഴയ്ക്കുന്നത്. ഡൽഹിയിലേക്ക് ചെന്നിത്തലയെ കയറ്റി അയക്കുന്നതിന് പിന്നിൽ കെ സി വേണുഗോപാലാണ് എന്നാണ് ചെന്നിത്തലയുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.
ക്യാബിനറ്റ് പദവിയായ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ടി തോമസ് എന്നീ മുതിർന്ന നേതാക്കൾക്കൊപ്പം പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ തുടങ്ങിയവർ വരെ അവകാശം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരിൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കം. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ എംഎൽഎമാരുടെ മനസ്സറിയാൻ എഐസിസി സംഘം വരാനിരിക്കുകയാണ്.
ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും മാറേണ്ടിവരും. വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി നിരവധി പേരാണ് കെപിസിസി പ്രസിഡന്റാകാൻ തയ്യാറെടുക്കുന്നത്. ദളിത് പ്രാതിനിധ്യത്തിന്റെ പേരിലാണ് കൊടിക്കുന്നിലിന്റെ അവകാശവാദം. കെ മുരളീധരനെ രംഗത്തിറക്കി കെ സുധാകരനെ വെട്ടാനുള്ള തന്ത്രത്തിന് പിന്നിൽ എ ഗ്രൂപ്പാണ്. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് ഇത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് വി ഡി സതീശൻ വരുന്നതിനോട് ഉമ്മൻചാണ്ടിക്ക് താൽപ്പര്യമില്ല. രമേശ് ചെന്നിത്തല തന്നെ തുടർന്നാൽ മതിയെന്നാണ് എ ഗ്രൂപ്പ് നിലപാട്. കടുത്ത ചെന്നിത്തല അനുകൂലികളുടെ പിന്തുണയും ഇതിനുണ്ട്.
ഗ്രൂപ്പ് കളിയിൽ രക്ഷയില്ലെന്ന്
താരിഖ് അൻവർ
കേരളത്തിൽ ഗ്രൂപ്പ് ശക്തമാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. മുല്ലപ്പള്ളിക്ക് എ, ഐ ഗ്രൂപ്പുകളുടെയും ചെന്നിത്തലയ്ക്ക് പാർടിയുടെയും ഉമ്മൻചാണ്ടിയുടെയും പിന്തുണയുണ്ടായില്ലെന്നാണ് ആരോപണം. തോൽവിയുടെ കാരണം കണ്ടെത്താൻ അശോക് ചവാന്റെ നേതൃത്വത്തിൽ സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ അഭിപ്രായം അറിയാൻ മല്ലികാർജുൻ ഖാർഗെയുടെ സംഘവും വരാനിരിക്കുകയാണ്.