തിരുവനന്തപുരം
കേരളം വില കൊടുത്ത് വാങ്ങിയ കോവാക്സിനും സംസ്ഥാനത്ത് എത്തി. 1,37,580 ഡോസാണ് ബുധനാഴ്ച ഭാരത് ബയോടെക് കൊച്ചിയിലെത്തിച്ചത്. ഇവ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിലേക്ക് മാറ്റി. വിതരണ മാർഗരേഖ സർക്കാർ നൽകുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്യുമെന്ന് കോർപറേഷൻ എംഡി എസ് ആർ ദിലീപ്കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 3. 5 ലക്ഷം കോവിഷീൽഡും എത്തിച്ചിരുന്നു. 15ന് ശേഷം 3 76 100 ഡോസ് കോവാക്സിൻ കൂടി എത്തും. വിലയ്ക്ക് ഒരു കോടി ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് കേന്ദ്ര സർക്കാർ തടഞ്ഞു. ആദ്യഘട്ടത്തിൽ ഒമ്പതു ലക്ഷം ഡോസ് വാക്സിനുകൾ മാത്രമേ ലഭ്യമാകുവെന്നാണ് ഒടുവിൽ കമ്പനി അധികൃതർ കേരളത്തെ അറിയിച്ചിട്ടുള്ളത്.
ഇവ ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിൽ എത്തുന്ന വാർഡ്തല സമിതികളിലെ സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ സേന വളന്റിയർമാർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിനാണ് കേരളത്തിൽ ആദ്യം ലഭിക്കുക.
വാക്സിൻ അഡ്വാൻസായി
18.27 കോടി അനുവദിച്ചു
കോവിഡ് വാക്സിൻ വില കമ്പനികൾക്ക് മുൻകൂറായി നൽകാൻ സംസ്ഥാന സർക്കാർ മെഡിക്കൽ സർവീസസ് കോർപറേഷന് 18.27 കോടി രൂപ അനുവദിച്ചു. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് നൽകാനാണിത്. ആരോഗ്യ വകുപ്പിന് കീഴിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് സർക്കാർ കോവിഡ് വാക്സിനുകൾ വാങ്ങുന്നത്.