തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകളും ജീവൻരക്ഷാ മരുന്നും എത്തിക്കാൻ കെഎസ്ആർടിസിയും. ഓക്സിജൻ ടാങ്കറുകൾ സർവീസ് നടത്താൻ കെഎസ്ആർടിസി ഡ്രൈവർമാരും രംഗത്തിറങ്ങും. ഇതിന് സന്നദ്ധരായ ഡ്രൈവർമാരുടെ ആദ്യബാച്ചിലെ 35 പേർക്ക് വ്യാഴാഴ്ച പരിശീലനംനൽകും. പാലക്കാട് മോട്ടോർ വാഹനവകുപ്പാണ് പരിശീലനം നൽകുക. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർ പാലക്കാട്ടെ ഐനോക്സ് കമ്പനിയുടെ ഓക്സിജൻടാങ്കറുകൾ ഓടിക്കും.
സംസ്ഥാനത്ത് ഓക്സിജൻക്ഷാമം ഉണ്ടാകാതിരിക്കാൻ കേരളത്തിലുടനീളം നിരവധി ഡ്രൈവർമാരെ ആവശ്യമുണ്ട്. വിദഗ്ധ ഡ്രൈവർമാരുടെ കുറവുള്ളതിനാൽ ഓക്സിജൻ വാർറൂമിൽനിന്ന് കെഎസ്ആർടിസിയോട് സഹായം അഭ്യർഥിച്ചിരുന്നു. തുടർന്ന് ടാങ്കർ ലോറി ഓടിക്കാൻ സന്നദ്ധരായവരെ ക്ഷണിച്ച് കെഎസ്ആർടിസി സർക്കുലർ ഇറക്കി. 450ലേറെ പേർ വിവിധ വിഭാഗങ്ങളിൽനിന്ന് സന്നദ്ധ സേവനത്തിന് താൽപ്പര്യം അറിയിച്ചു.
ഇതിലെ ആദ്യ ബാച്ചിനാണ് പരിശീലനം. തുടർന്ന് വെള്ളിയാഴ്ച കൊച്ചിയിൽനിന്നുള്ള 25 ഡ്രൈവർമാർക്ക് പരിശീലനം നൽകും. അത്യാവശ്യഘട്ടത്തിൽ ഇവരുടെ സേവനം ഉപയോഗിക്കും. ഇതിനു പുറമെ കലക്ടർമാരുടെ ആവശ്യപ്രകാരം കെഎസ്ആർടിസി ജീവനക്കാർ കലക്ടറേറ്റുകളിൽ ഡ്രൈവർമാരായും മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്.