ന്യൂഡല്ഹി > ബാങ്കുകളില് ജീവനക്കാര്, ഓഫീസര്മാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തൊക്കിലങ്ങാടി ശാഖാ മാനേജര് കെ എസ് സ്വപ്നയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും ചൂണ്ടിക്കാണിച്ച് എളമരം കരീം എംപി കേന്ദ്രധനകാര്യമന്ത്രിക്ക് കത്ത് നല്കി. ബാങ്കുകളിലെ ബാങ്കിംഗ് ഇതര പണികള്, അശാസ്ത്രീയമായ ടാര്ഗറ്റുകള്, നിയന്ത്രണമില്ലാത്ത തൊഴില് സമയം, ലയനമുള്പ്പടെയുള്ള ജനവിരുദ്ധ ബാങ്കിംഗ് നയങ്ങള് ഉണ്ടാക്കുന്ന പിരിമുറുക്കം ഇതെല്ലാം കരീം ധനകാര്യ മന്ത്രിക്കുള്ള കത്തില് ചൂണ്ടിക്കാണിച്ചു.
ബാങ്കുകളിലെ വനിതാ ജീവനക്കാര്ക്ക് അവരുടെ സൗകാര്യാര്ത്ഥം പോസ്റ്റിംഗ് നല്കണമെന്ന കേന്ദ്രധനമന്ത്രാലയം 2014 ആഗസ്റ്റ് 8ന് പുറത്തിറക്കിയ ഉത്തരവ് നിലനില്ക്കെയാണ് വിധവയും രണ്ട് സ്കൂള് കുട്ടികളുടെ അമ്മയുമായ തൃശൂര് സ്വദേശിയായ സ്വപ്നയെ കണ്ണൂര് തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലം മാറ്റിയത്. അവരുടെ അതേ തസ്തികയില് പണിയെടുക്കുന്ന ചിലര് മ്യൂച്വല് സ്ഥലം മാറ്റത്തിന് തയ്യാറായിട്ടും കനറാ ബാങ്ക് മാനേജ്മെന്റ് അതിന് തയ്യാറായില്ല എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്ദ്ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില് സ്വപ്നയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില് നിന്ന് കനറാ ബാങ്ക് മാനേജ്മെന്റിന് ഒഴിഞ്ഞ് മാറാനാകില്ല എന്നും കരീം കത്തില് ചൂണ്ടിക്കാണിച്ചു.
ചെറുപ്രായത്തില് തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സ്വപ്നയുടെ ബാങ്ക് ബാധ്യതകള് പൂര്ണമായും എഴുതിതള്ളാനും അവരുടെ കുട്ടികളുടെ തുടര് ചിലവുകള് പൂര്ണമായും ഏറ്റെടുക്കാനും കനറാ ബാങ്ക് അധികാരികളോട് നിര്ദ്ദേശിക്കണമെന്നും അദ്ദേഹം കേന്ദ്ര ധനമന്ത്രിയോട് അഭ്യര്ത്ഥിച്ചു. ഈ വിഷയത്തില് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും എളമരം കരീം കത്ത് അയച്ചിട്ടുണ്ട്.