വലിയചുടുകാട് (ആലപ്പുഴ) > ഗൗരിയമ്മയ്ക്ക് ആലപ്പുഴയുടെ വിപ്ലവമണ്ണ് വികാരവായ്പോടെ വിട നൽകി. പുന്നപ്ര– വയലാർ രക്തസാക്ഷികളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാടിൽ ഗൗരിയമ്മയെ ചിതാനാളങ്ങൾ ഏറ്റുവാങ്ങി. ഭർത്താവും കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി വി തോമസിന്റെ അന്ത്യവിശ്രമഭൂമിയിലേക്ക് അവരും ലയിച്ചുചേർന്നു. ഗൗരിയമ്മയെ അവസാനമായി ഒരുനോക്കു കാണാനെത്തിയവരുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ യാത്രാമൊഴിയേകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എത്തിയ നേതാക്കളടക്കമുള്ളവർ പുഷ്പചക്രമർപ്പിച്ചു.
അവരുടെ കണ്ഠങ്ങളിൽനിന്ന് ഒരിക്കലും മരിക്കാത്ത ഗൗരിയമ്മയുടെ സ്മരണകൾ മുദ്രാവാക്യങ്ങളായി ഉയർന്നു. ആദരമർപിച്ച് ബ്യൂഗിളും വെടിയൊച്ചയും മുഴങ്ങി. തിരുവനന്തപുരത്തെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പ് വീട്ടിലെത്തിച്ചു. ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിലും പൊതുദർശനമുണ്ടായി. ദേശാഭിമാനിക്കുവേണ്ടി ചീഫ് എഡിറ്റർ പി രാജീവും സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ആർ നാസറും പുഷ്പചക്രം അർപ്പിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജെ മേഴ്സിക്കുട്ടി അമ്മ, ജി സുധാകരൻ, പി തിലോത്തമൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ എം ആരിഫ് എംപി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. നിയുക്ത എംഎൽഎമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.