മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ഗൗരിയമ്മ തങ്ങളുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.
“ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ പോകുകയായിരുന്നില്ല. അദ്ദേഹമാണ് എന്റെ പിന്നാലെ വന്നത്. പൂജപ്പുര ജയിലിൽ തടവിലായിരുന്ന കാലത്ത് ഞങ്ങളുടെ പ്രണയം മൂർധന്യത്തിലായിരുന്നു. കല്ലുകളിൽ പൊതിഞ്ഞ പ്രണയ ലേഖനങ്ങൾ മതിലിനപ്പുറത്തേക്ക് ഞങ്ങൾ എറിഞ്ഞ് കൊടുക്കുമായിരുന്നു. അവസാനം ചില കാര്യങ്ങൾ അറിഞ്ഞപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറാൻ ഞാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ പാർട്ടി നിർബന്ധിച്ചു.
എനിക്ക് വളരെയധികം വേദനയും അൽപ്പം മാത്രം സന്തോഷവും നൽകിയ ബന്ധമായിരുന്നു അത്.”
“ഞങ്ങൾ ബന്ധം പിരിയുന്നതിൽ ടിവി തോമസിന്റെ സുഹൃത്തുക്കൾക്ക് കയ്യുണ്ട്. സിപിഎം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഞാനും ടിവിയും ഒരേ ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് പോയത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ എംഎൻ ഗോവിന്ദൻ നായർ ടിവിയെ എങ്ങോട്ടോ വിളിച്ചുകൊണ്ടു പോയി. തിരികെ വന്നപ്പോൾ മറ്റേ ഗ്രൂപ്പിനൊപ്പം പോകാനായിരുന്നു ടിവിയുടെ തീരുമാനം. ഒരിക്കൽ ആലപ്പുഴയിലുള്ള ഒരു സ്ത്രീയുമായി അദ്ദേഹം എംഎൽഎ ക്വാർട്ടേഴ്സിൽ വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.”
ബന്ധം പിരിയേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന്, “എനിക്കിപ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഞാൻ കുറച്ചൊക്കെ വിധേയത്വം കാണിക്കേണ്ടിയിരുന്നു. വിവാഹശേഷം പണം മാത്രമാണ് നൽകിയത്. അദ്ദേഹം എനിക്ക് തിരിച്ചൊന്നും നൽകിയതുമില്ല. ആദ്യ മന്ത്രസഭയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ കൈവശം പണമില്ലായിരുന്നു. മാസം 120 രൂപ വീതം ഞാൻ അദ്ദേഹത്തിന് നൽകി. ചില സമയങ്ങളിൽ അദ്ദേഹത്തിന് മദ്യം വാങ്ങി നൽകി. അല്ലെങ്കിൽ അദ്ദേഹം പുറത്ത് പോവുകയും വിലകൂടിയ മദ്യം കഴിക്കുകയും ചെയ്യും. ബീഡിയും സിഗരറ്റുമാണ് അദ്ദേഹം പുകച്ചിരുന്നത്. ഇതിനുവേണ്ടി 12 രൂപ മാസം നൽകിയിരുന്നു.”
“ബോംബെ ആശുപത്രിയിൽ കാൻസർ ബാധിതനായി കിടന്ന നേരം അദ്ദേഹത്തെ കാണുന്നതിനായി ഞാൻ പാർട്ടിയുടെ അനുവാദം ചോദിച്ചു. എന്നാൽ പിളർപ്പ് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ കാണാൻ പാർട്ടി അനുവദിച്ചില്ല. അവസാനം രണ്ടാഴ്ചക്കാലം അദ്ദേഹത്തിനൊപ്പം ചെലവഴിക്കാൻ പാർട്ടി അനുവദിച്ചു. തിരികെപ്പോരാൻ നേരം ടിവി പൊട്ടിക്കരഞ്ഞു. എന്നാൽ ഞാൻ കരഞ്ഞില്ല. അതിനുശേഷം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കുമ്പോഴാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. കളക്ടർ ഓമനക്കുഞ്ഞമ്മ ഉറക്കെ കരയുന്നുണ്ടായിരുന്നു. എന്നിട്ടും ഞാൻ കരഞ്ഞില്ല. എന്നാൽ എന്റെയുള്ളിന്റെ ആഴങ്ങളിൽ വേദനയുണ്ടായിരുന്നു.” ഗൗരിയമ്മ പറഞ്ഞു.