മറയൂർ > ചന്ദനകാറ്റേറ്റ് ആപ്പിൾതോട്ടങ്ങളും പച്ചക്കറിപാടങ്ങളും കൺകുളിർക്കെ കണ്ട് അവിസ്മരണീയ യാത്ര ഒരുക്കി കെഎസ്ആർടിസി. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ കാന്തല്ലൂർ, മറയൂർ മേഖല സന്ദർശിക്കാൻ കെഎസ്ആർടിസി ടൂറിസ്റ്റ് പാക്കേജ് ആരംഭിച്ചത്.
ഞായറാഴ്ച സഞ്ചാരികളുമായി എത്തിയ ആദ്യ ബസ്സിന് മറയൂരിലും കാന്തല്ലൂരിലും സ്വീകരണം നൽകി. പെപ്പർ ടൂറിസം പദ്ധതിയിൽ സംസ്ഥാന സർക്കാർ കാന്തല്ലൂർ പഞ്ചായത്തിനെയും ഉൾപ്പെടുത്തിയതിനെ തുടർന്ന് എസ് രാജേന്ദ്രൻ എംഎൽഎയുടെ നിർദ്ദേശപ്രകാരം മൂന്നാറിൽ നിന്നും മറയൂർ കാന്തല്ലൂർ മേഖലയിലേക്ക് ബസ് യാത്ര ആരംഭിച്ചത്. 300 രൂപയാണ് ഒരു സഞ്ചാരിയിൽ നിന്നും ഇടാക്കുന്നത്.
രാവിലെ 9.30 മൂന്നാറിൽ നിന്നും ആരംഭിക്കുന്ന യാത്ര ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദന റിസർവ്വ് എന്നിവടങ്ങളിൽ സന്ദർശനം നടത്തി പകൽ ഒന്നിന് കാന്തല്ലൂരിൽ എത്തിചേരും. ആപ്പിൾതോട്ടങ്ങൾ, പച്ചക്കറി പാടങ്ങൾ എന്നിവ സന്ദർശിച്ച ശേഷം തിരികെ അഞ്ചിന് മടങ്ങി മൂന്നാറിലെത്തും.ജനുവരി ഒന്നിന് മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷനിലേക്ക് ആരംഭിച്ച കെഎസ്ആർടിസി സർവീസ് വൻ വിജയമായിരുന്നു.