തിരുവനന്തപുരം
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി എടുക്കുമ്പോൾ രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ ടിപിആറുള്ള 72 പഞ്ചായത്തുണ്ട്. 300ലധികം പഞ്ചായത്തിൽ 30 ശതമാനത്തിന് മുകളിലാണ്. 500 മുതൽ 2000 വരെ ആക്റ്റീവ് കേസുള്ള 57 പഞ്ചായത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിൽ 50 ശതമാനം രോഗസ്ഥിരീകരണ നിരക്കുള്ള 19 പഞ്ചായത്തുണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തുടരുന്നു. ഈ ജില്ലയിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തണം. മറ്റ് ജില്ലയിൽ പതുക്കെ കുറയുന്നുണ്ട്. സിഎഫ്എൽടിസി, സിഎൽടിസി, ഡിസിസി എന്നിവ ഇല്ലാത്തിടത്ത് ഉടൻ സ്ഥാപിക്കണം. വാർഡുതല സമിതികൾ ശക്തമാക്കാൻ നടപടി സ്വീകരിക്കണം. പൾസ് ഓക്സിമീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടിയെടുക്കും. അതിനുള്ള എല്ലാ സാധ്യതയും തേടും. സ്റ്റാർട്ടപ്പുകളെയടക്കം ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരും
പട്ടിണിയാകില്ല
ലോക്ഡൗണിൽ ഒരാൾപോലും പട്ടിണിയാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. 161 പഞ്ചായത്തിൽ ഇപ്പോൾ കുടുംബശ്രീ ജനകീയ ഹോട്ടലുകളില്ല. ഇവിടെ സമൂഹ അടുക്കള ആരംഭിക്കേണ്ടി വരും. മറ്റിടങ്ങളിൽ കുടുംബശ്രീ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. തിരുവനന്തപുരത്ത് പ്രസ്ക്ലബ് സമൂഹ അടുക്കള ആരംഭിച്ചു.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകൾക്ക് അവരുടെ പ്ലാൻ ഫണ്ടിൽനിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. അതനുസരിച്ച് പണം ചെലവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.