തിരുവനന്തപുരം
പതിനഞ്ചാം ധന കമീഷൻ ശുപാർശപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും നിയമാനുസൃതമായി ലഭിക്കേണ്ട ഗ്രാന്റും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ “കാരുണ്യ’മായി ചിത്രീകരിക്കുന്നു. ‘കോവിഡ് പ്രതിരോധത്തിനു താങ്ങായി തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സഹായം. കേരളത്തിന് 240.6 കോടി രൂപ അനുവദിച്ചു’ എന്ന രീതിയിലാണ് മോഡിയുടെ ചിത്രം സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ധന കമീഷൻ ശുപാർശയിലെ ഒരു ഭാഗത്തിന്റെ ആദ്യഗഡു അനുവദിച്ച സ്വഭാവിക നടപടിയാണ് സഹായമായി പ്രചരിപ്പിക്കുന്നത്. ആരോഗ്യ മേഖലയ്ക്ക് ധന കമീഷൻ അനുവദിച്ച തുക നൽകാതെയാണ് കേന്ദ്രത്തിന്റെ തട്ടിപ്പും കേന്ദ്രാനുകൂലികളുടെ വ്യാജ പ്രചാരണവും.
കമീഷൻ ശുപാർശ പ്രകാരം ഈ വർഷം കേരളത്തിന് ലഭിക്കേണ്ടത് 1795 കോടി രൂപ. ആരോഗ്യ മേഖലയ്ക്കുള്ള ഗ്രാന്റ് ഈ തുകയിൽ ഉൾപ്പെടുന്നില്ല. ഇതിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കുള്ള 1202.6 കോടി രൂപയിൽ 481 കോടി രൂപ ഉപാധിരഹിതമായി ചെലവഴിക്കാം. സ്ഥാപനങ്ങൾക്ക് അവരുടെ മുൻഗണനയനുസരിച്ച് ചെലവാക്കാം. ഈ ഉപാധിരഹിത സഹായം ജൂൺ, ഒക്ടോബർ മാസങ്ങളിൽ രണ്ടു ഗഡുവായി വിതരണം ചെയ്യാനാണ് കമീഷൻ ശുപാർശ. ഇതിൽ ജൂണിൽ തരേണ്ട 240.6 കോടി രൂപ ഒരുമാസംമുന്നേ അനുവദിച്ചതിനെയാണ് കേന്ദ്ര സഹായമായി പ്രചരിപ്പിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ മുൻഗണന അനുസരിച്ച് ചെലവാക്കേണ്ട സഹായത്തിന് നിബന്ധന അടിച്ചേൽപ്പിക്കുന്നുവെന്നത് മറയ്ക്കാനും ശ്രമിക്കുന്നു. ആരോഗ്യക്കായി കമീഷൻ കേരളത്തിന് ശുപാർശ ചെയ്ത 559 കോടി രൂപ കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടുമില്ല.