മറയൂർ> കോവിഡ് ഭീതിയിലും പരീക്ഷയെഴുതുന്ന കുട്ടികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് ജക്കരന്ത പൂക്കൾ. വേനൽച്ചൂടിൽ കുളിർതേടി എത്തുന്നവർക്ക് കാഴ്ചയുടെ കുളിർമ പകർന്നും നീലവസന്തം. പ്രാദേശികമായി നീലവാക എന്നറിയപ്പെടുന്ന ജക്കരന്ത വിദേശവൃക്ഷമാണ്. ഡിസംബറിലെ ശിശിരത്തിൽ ഇലകൊഴിഞ്ഞശേഷം കണിക്കൊന്ന കണക്കെ മരച്ചില്ലകൾ നിറയെ പൂവിടുന്നത് മാർച്ചിലായതിനാൽ ഇവയെ എക്സാം ട്രീ എന്നും വിളിക്കും. എത്ര നല്ലരീതിയിൽ ഗൃഹപാഠം ചെയ്താലും എത്ര മിടുക്കരായ കുട്ടികളിലും വാർഷിക പരീക്ഷ എന്നത് പേടിതന്നെയാണ്. ഇക്കുറി ഹൈസ്കൂൾ, ഹയർസെക്കൻഡറി, ബിരുദ പരീക്ഷ എഴുതുന്നവരുടെ പേടി അകറ്റുന്ന നീലപ്പൂക്കളാണ് മറയൂർ മലനിരകൾ നിറയെ.
പച്ചപ്പണിഞ്ഞ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സംസ്ഥാന സർക്കാരിന്റെ ബിഎം ആൻഡ് ബിസി റോഡിലൂടെ മൂന്നാറിൽനിന്ന് മറയൂരിലേക്കുള്ള യാത്രക്കാർക്ക് വേനൽച്ചൂടിൽ കുട വിരിക്കുന്നത് ജക്കരന്ത പൂമരങ്ങളാണ്. തെരഞ്ഞെടുപ്പു ചൂടിനുശേഷം ചെറിയ ഉന്മേഷത്തിനായി പ്രവർത്തകരും നേതാക്കളും ചെറുയാത്രയ്ക്കായി എത്തുന്നത് മറയൂരിലെ പഴത്തോട്ടങ്ങളുടെ മാധുര്യത്തിലേക്ക്.
ഇവരെ ഇക്കുറി വരവേൽക്കാനായി ഏറ്റവും ആസ്വാദ്യകരമായ നീലാകാശത്തെ വെല്ലുന്ന ശോഭയോടെ പൂത്തുലഞ്ഞ് നിൽക്കുന്നത് ജക്കരന്തമരങ്ങളുമാണ്. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച ജക്കരന്തപ്പൂക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും തരംഗമായിട്ടുണ്ട്.
വാഗവരൈയിലാണ് തുടക്കം.
മറയൂരിനും മൂന്നാറിനും ഇടയിൽ സമുദ്രതീരത്തുനിന്ന് 8000 അടി ഉയരത്തിലുള്ള ഉമിയാംമല എന്ന പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് ജക്കരന്ത മരങ്ങൾ കൂടുതലായി പൂവിടുന്നത്. ജക്കരന്തമരങ്ങൾക്ക് വാഗ എന്നും വരൈ എന്ന തമിഴ് വാക്കിനർഥം പാറക്കെട്ട് എന്നുമാണ്. ഇവ കൂടിച്ചേർന്ന് ഈ പ്രദേശത്തിന് വാഗവരൈ എന്ന വിളിപ്പേരുമുണ്ടായി.
തെക്കേ അമേരിക്കൻ സ്വദേശിയായ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം ജക്കരന്ത മിമിസിഫോളിയ എന്നാണ്. മൂന്നാർ തേയിലത്തോട്ടങ്ങളിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യന്മാരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചുപിടിപിച്ചത്. തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനാണ് പാതയോരങ്ങളിൽ ഇവ വച്ചുപിടിപ്പിച്ചതെന്ന് കരുതുന്നു.
50 അടിയിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരംകൂടിയ മരച്ചിലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാണപ്പെടും. ‘മരങ്ങൾ നിറഞ്ഞ നാട്’ എന്ന അർഥം ഉൾക്കൊണ്ടാണ് ‘വാഗവരൈ’ എന്ന ദേശപ്പേര് ഉണ്ടായതെന്ന് മുതിർന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട
വിശ്വാസം
ജക്കരന്ത പൂക്കൾക്ക് ദൈവികതയും വിശ്വാസപരവുമായ പരിവേഷമുള്ളത് ദക്ഷിണാഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ യൂണിവേഴ്സിറ്റിയിലേക്ക് വർഷാവസാന പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളുടെ തലയിലോ ശരീരത്തിലോ ജക്കരന്തപ്പൂക്കൾ കൊഴിഞ്ഞുവീണാൽ എല്ലാ വിഷയങ്ങൾക്കും മികച്ച മാർക്ക് ലഭിക്കുമെന്നതാണ് വിശ്വാസം.
പാതയോരങ്ങൾ നിറയെ നീലപ്പൂക്കളായതിനാൽ ഇവ കൊഴിഞ്ഞുവീഴുമ്പോൾ ഈ വിശ്വാസം കാരണം വിദ്യാർഥികളുടെ മാനസിക സംഘർഷം കുറയാൻ കാരണമാകുമെന്നാണ് മനഃശാസ്ത്രം. വാഗവരൈ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള പാതയിൽ വീണുകിടക്കുന്ന ജക്കരന്ത പൂക്കളുടെ പരവതാനിയിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് പ്രിട്ടോറിയൻ വിദ്യാർഥികൾക്കിടയിലുള്ള വിശ്വാസം അറിയാൻ വഴിയില്ല.