കൊച്ചി> പ്രധാനമന്ത്രി മുതല് യു പി മുഖ്യമന്ത്രിയെ വരെ നിരത്തി തീവ്രവർഗീയ പ്രചാരണം നടത്തിയിട്ടും സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ 94 മണ്ഡലങ്ങളിലും അഞ്ചുകൊല്ലം മുമ്പ് കിട്ടിയ വോട്ടുപോലും ബിജെപിയ്ക്ക് ലഭിച്ചില്ല. ഇതിൽ 20 മണ്ഡലങ്ങളിൽ പതിനായിരം മുതൽ 20000 വോട്ടാണ് കുറവ്. പിന്തുണയ്ക്കാൻ പോലും സ്ഥാനാർഥി ഇല്ലാത്തതിനാൽ വോട്ട് പൂജ്യമായ തലശേരി കൂട്ടാതെയാണിത്. വോട്ടു കൂടിയ 46 ൽ 14 മണ്ഡലങ്ങളിലാകട്ടെ കൂടിയത് അഞ്ഞൂറിൽ താഴെ വോട്ടുമാത്രം.
വോട്ടു കച്ചവടത്തിലൂടെയും ജനങ്ങൾക്ക് വേണ്ടാതായതിനാലും ബിജെപി എത്തിനിൽക്കുന്ന പതനത്തിന്റെ നേർചിത്രം നൽകുന്നതാണ് 2021 ലെ തെരെഞ്ഞെടുപ്പ് കണക്കുകൾ.
ഏറ്റവും വോട്ടു നഷ്ടപ്പെട്ട മണ്ഡലം കൈപ്പമംഗലമാണ് (20975). സിറ്റിങ് സീറ്റായിരുന്ന നേമത്ത് പോയത് 15925 വോട്ടാണ്.
പതിനായിരത്തിലേറെ വോട്ട് കുറഞ്ഞ മറ്റ് മണ്ഡലങ്ങൾ ഇവയാണ്: ഗുരുവായൂർ (19196), ഇടുക്കി (18117), വൈക്കം (18114), കുട്ടനാട് (18098), പൂഞ്ഞാർ (17001) പറവൂർ (15133), ഉടുമ്പൻചോല (14591), കുണ്ടറ (14157), പാലാ (13952), ഏറ്റുമാന്നൂർ (13794),കളമശേരി (13065), സുൽത്താൻ ബത്തേരി (12722), കോവളം(12323), ഇരവിപുരം (11246), അരൂർ (10274).
നാല് മണ്ഡലത്തിൽ മാത്രമാണ് പതിനായിരത്തിനു മേൽ വോട്ടുനേട്ടം ഉണ്ടായത്.
ഇതിൽ സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ 2016 ലേക്കാൾ വോട്ടു കൂടിയെങ്കിലും 2019 ലെ ഉപതെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 6975 വോട്ടു കുറഞ്ഞു. പാലക്കാട്,തൃശൂർ,ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളാണ് പതിനായിരത്തിലേറെ വോട്ട് കൂടിയ മറ്റ് മണ്ഡലങ്ങൾ.
വോട്ട് കുറഞ്ഞ മണ്ഡലങ്ങളിൽ ബിജെപിയുടെ സംസ്ഥാന ദേശീയ നേതാക്കളായ ശോഭാ സുരേന്ദ്രൻ,പി കെ കൃഷ്ണദാസ്, വി വി രാജേഷ്, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവർ മത്സരിച്ച മണ്ഡലങ്ങളുമുണ്ട്
തെരെഞ്ഞെടുപ്പിൽ എൽഡി എഫിന് 104 മണ്ഡലങ്ങളിൽ 2016 ലേക്കാൾ കൂടുതൽ വോട്ട് നേടിയതായി കണക്കുകൾ പുറത്തുവന്നിരുന്നു.