മുംബൈ
ഐപിഎൽ നിർത്തിവച്ചതിനുപിന്നാലെ ഇന്ത്യയിൽ കുടങ്ങിയ വിദേശതാരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു. വിവിധ രാജ്യങ്ങളിലെ കളിക്കാരും പരിശീലകരും ഇന്നും നാളെയുമായി പുറപ്പെടും. ബിസിസിഐയാണ് എല്ലാവർക്കും പ്രേത്യക വിമാനം ഏർപ്പാടാക്കിയത്.
നാൽപ്പതോളം പേരടങ്ങിയ ഓസ്ട്രേലയിൻ സംഘം മാലദ്വീപിലേക്ക് തിരിച്ചു. ഇവിടെനിന്ന് 15 കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും. ഇന്ത്യയിൽനിന്ന് ഓസീസിലേക്ക് യാത്രാവിലക്കുള്ളതിനാലാണ് മാലദ്വീപ് വഴി മടക്കി അയക്കുന്നത്. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ച ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്ക് ഹസി ഇവിടെ തുടരും. ഹസിയെയും രോഗമുള്ള ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജിയെയും ന്യൂഡൽഹിയിൽനിന്ന് എയർ ആംബുലൻസ് വഴി ചെന്നൈയിലേക്ക് മാറ്റി.
ന്യൂസിലൻഡ് താരങ്ങൾ രണ്ട് സംഘമായി തിരിഞ്ഞാണ് മടങ്ങുന്നത്. ഒരു സംഘം നാട്ടിലേക്കും മറ്റൊന്ന് ഇംഗ്ലണ്ടിലേക്കും പുറപ്പെടും.17 പേരാണ് ആകെ. ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായാണ് ഇംഗ്ലണ്ടിലേക്കുള്ള യാത്രാഉദ്ദേശ്യം. 11നാകും ഇവർ പുറപ്പെടുക. ഇംഗ്ലണ്ട് കളിക്കാർ നാട്ടിലെത്തിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ പകുതിയാളും നാട്ടിലെത്തി. മറ്റുള്ളവർ നാളെയ്ക്കകം പുറപ്പെടും. വെസ്റ്റിൻഡീസുകാർ വ്യാഴാഴ്ച മടങ്ങി.മുഴുവൻ പേരും കോവിഡ് പരിശോധനകൾക്കുശേഷമാണ് യാത്രയായത്. നാട്ടിലെത്തിയാൽ എല്ലാവരും നിരീക്ഷണത്തിൽ കഴിയും.