ബർലിൻ
ജർമനിയിൽ ബയേൺ മ്യൂണിക്കിന് എതിരാളികളില്ല. തുടർച്ചയായ ഒമ്പതാംവട്ടവും ജർമൻ ഫുട്ബോൾ ലീഗ് കിരീടം ഉയർത്തി. രണ്ടാമതുള്ള ആർ ബി ലെയ്പ്സിഗ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് തോറ്റതിന് പിന്നാലെയാണ് ബയേൺ ജർമനിയുടെ ചാമ്പ്യൻമാരായത്. ഇത് അവരുടെ 31–-ാം കിരീടമാണ്.
മൂന്ന് കളി ശേഷിക്കേയാണ് നേട്ടം. 31 കളിയിൽ 71 പോയിന്റാണ് ബയേണിന്. 22 ജയം, നാല് തോൽവി, അഞ്ച് സമനില. 86 ഗോളുകളാണ് റോബർട് ലെവൻഡോവ്സ്കിയും കൂട്ടരും എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയത്. വഴങ്ങിയതാകട്ടെ വെറും നാൽപ്പതും. ഗോൾവേട്ടക്കാരിൽ 36 എണ്ണവുമായി ലെവൻഡോവ്സ്കി തന്നെയാണ് മുന്നിൽ. ഈ സീസണോടെ ടീം വിടുമെന്ന് അറിയിച്ച പരിശീലകൻ ഹാൻസ് ഫ്ലിക്കിന് ഇത് തുടർച്ചയായ രണ്ടാം ലീഗ് കിരീടമാണ്. ജർമൻ ദേശീയ ടീമിന്റെ പരിശീലകനാകാനുള്ള ഒരുക്കത്തിലാണ് ഫ്ലിക്. ലെയ്പ്സിഗിന്റെ ജൂലിയൻ നാഗെൽസ്മാൻ അടുത്ത സീസൺമുതൽ ബയേണിന്റെ ചുമതല ഏറ്റെടുക്കും. കിരീടത്തിനായി ബൊറൂസിയ മോൺചെൻഗ്ലാദ്ബയെ നേരിടാൻ ഇറങ്ങുംമുമ്പാണ് ബയേൺ ചാമ്പ്യൻമാരായത്.
നിലതെറ്റാതെ
സ്പാനിഷ് ഫുട്ബോൾ ലീഗിലെ നിർണായകപോരാട്ടം സമനിലയിൽ. ബാഴ്സലോണ–-അത്ലറ്റികോ മാഡ്രിഡ് മത്സരം ഗോളില്ലാക്കളിയായി. ഇരുടീമിനും ഒട്ടേറെ അവസരം കിട്ടിയിട്ടും മുതലാക്കാനായില്ല. സമനിലയോടെ കിരീടത്തിനായുള്ള പോര് മുറുകി.
ഒന്നാമതുള്ള അത്ലറ്റികോയ്ക്ക് 35 കളിയിൽ 77 പോയിന്റ്. ഇത്രയും കളിയിൽ 75 പോയിന്റോടെ ബാഴ്സ രണ്ടാമതുണ്ട്. റയൽ മാഡ്രിഡിന് 34ൽ 74ഉം. 38 കളിയാണ് ലീഗിൽ.