മൂലമറ്റം > ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിന്റെയും ലോറേഞ്ചിന്റെയും സംഗമഭൂമി… മലനിരകളുടെ താരാട്ടിന്റെ ഈണത്തിൽ സുഖസുഷുപ്തിയിൽ ലയിക്കുകയും പൂർവദിങ്മുഖത്തെ സിന്ദൂരപൂരത്തിൽ ഉണരുകയും ചെയ്യുന്ന മൂലമറ്റം. പന്തളം രാജാവിന്റെ വേനൽക്കാല വസതി ഉണ്ടായിരുന്ന ഈ നാടിന്റെ ഖ്യാതി ഇന്ന് പവർഹൗസിന്റെ നാട് എന്നതാണ്.
മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന അരുവികളാൽ നിറഞ്ഞതാണ് മൂലമറ്റം. ഒരിക്കലും വറ്റാത്ത തൊടുപുഴയാറിന്റെ ഉത്ഭവസ്ഥാനവുമാണിവിടം. മൂലമറ്റത്തുള്ള തേക്കിൻകൂപ്പ് മനോഹര ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ്. ഇവിടെയായിരുന്നു പന്തളം രാജാവിന്റെ വേനൽക്കാല വസതി.
ഇന്ന് മലയാള സിനിമ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. രസതന്ത്രം, പുറപ്പാട്, ജൂലൈ 4, കട്ടപ്പനയിലെ ഋത്വിക് റോഷൻ, വൈരം തുടങ്ങി ധാരാളം മലയാള സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ സിനിമ പിടിക്കാമെന്നുള്ള ഈ പ്രദേശത്തിന്റെ പ്രത്യേകതകൂടിയാണ് സിനിമക്കാരെ ആകർഷിക്കുന്നത്. തേക്കിൻകൂപ്പിന്റെ നടുവിലുടെ വാഗമണ്ണിലേക്കുള്ള സംസ്ഥാനപാത മനോഹരമായ ഒരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഹിറ്റ് സിനിമയായ രസതന്ത്രം ഒപ്പിയെടുത്തത് മൂലമറ്റം തേക്കിൻകൂപ്പിന്റെ ഭംഗിയാണ്. മോഹൽലാൽ, അജയ് ദേവ്ഗൺ, കമൽഹാസൻ തുടങ്ങിയ താരങ്ങൾ ഇവിടെ എത്തിയിട്ടുണ്ട്.
മൂലമറ്റത്തിന്റെ മനോഹരമായ മറ്റ് കാഴ്ചകളാണ് ത്രിവേണിസംഗമവും ഇലപ്പള്ളി വെള്ളച്ചാട്ടവും. വലിയാറും നാച്ചാറും കനാലും ഒരുമിച്ചു കൂടുന്നതാണ് ത്രിവേണി സംഗമം. ഇലപ്പള്ളി വെള്ളച്ചാട്ടത്തിലൂടെ വരുന്ന വെള്ളം ഇവിടെയാണ് എത്തിച്ചേരുന്നത്. ത്രിവേണിസംഗമം എത്തിച്ചേരുന്നത് തൊടുപുഴയാറിലാണ്. മനോഹരമായ തൂക്കുപാലം ഇവിടത്തെ പ്രത്യേകതയാണ്. എ കെ ജി തൂക്കുപാലത്തിൽ നിന്നാൽ ത്രിവേണിസംഗമത്തിന്റെ മനോഹര ദൃശ്യം കാണാനാകും.
രസതന്ത്രത്തിലെ ‘ആറ്റിൻകരയോരത്തെ ചാറ്റൽ മഴ ചോദിച്ചു…’ എന്നു തുടങ്ങുന്ന പാട്ടുരംഗത്തിൽ വരുന്നത് ഈ തൂക്കുപാലമാണ്. ഇലപ്പള്ളി വെള്ളച്ചാട്ടം മൂലമറ്റം– വാഗമൺ റൂട്ടിലാണ്. വഴുവഴുപ്പുള്ള കല്ലുകൾ നിറഞ്ഞതിനാൽ വെള്ളത്തിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തും.