ആലപ്പുഴ> നെഹ്റു ട്രോഫി വള്ളം കളി ജേതാവ് കാരിച്ചാല്‍ തന്നെ. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി കണ്ടെത്തി. വീയപുരം ചുണ്ടന് തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് (വിബിസി) നൽകിയ അപ്പീലാണ് ജൂറി കമ്മിറ്റി തള്ളിയത്. അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് വിബിസിയുടെ തീരുമാനം. കൂടിയാലോചനകളില്ലാതെ തിടുക്കത്തില്‍ ഫലം പ്രഖ്യാപിച്ചു എന്നായിരുന്നു വിബിസിയുടെ പരാതി.
എൻടിബിആർ സൊസൈറ്റി ബൈലോ പ്രകാരം ജില്ലാ ഗവൺമെന്റ് പ്ലീഡർ വി വേണു, ജില്ലാ ലോ ഓഫീസർ പി അനിൽകുമാർ, എഡിഎം ആശാ സി ഏബ്രഹാം എന്നിവരാണ് ജൂറി ഓഫ് അപ്പീൽ അംഗങ്ങൾ. ആർ കെ കുറുപ്പ്, സി കെ സദാശിവൻ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവർ യോഗംചേർന്നാണ് ആദ്യഘട്ട വിലയിരുത്തൽ നടത്തിയത്.