ന്യൂഡൽഹി > വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ജിംനാസ്റ്റിക് താരം ദീപ കർമാക്കർ. ചരിത്രത്തിലാദ്യമായി ഒളിംപിക്സ് ജിംനാസ്റ്റിക്സില് ഇന്ത്യയ്ക്കായി മത്സരിച്ച താരമാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് 31കാരിയായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ജിംനാസ്റ്റിക്സിലെ ‘വോള്ട്ട്’ വിഭാഗത്തില് 2016ലെ റിയോ ഒളിംപിക്സില് ദീപ മത്സരിച്ചിരുന്നു. ഫൈനലിൽ നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്.
2018ല് ജിംനാസ്റ്റിക്സ് ലോകകപ്പില് വോള്ട്ട് വിഭാഗത്തില് സ്വര്ണം നേടിയിട്ടുണ്ട്. കോട്ബസില് വെങ്കലവും സ്വന്തമാക്കിയിരുന്നു. 2014ല് കോമണ്വെല്ത്ത് ഗെയിംസിലും 2015ല് ഏഷ്യന് ചാംപ്യന്ഷിപ്പിലും വെങ്കലം നേടി.
ഒരുപാട് ആലോചിച്ചതിന് ശേഷം ജിംനാസ്റ്റിക്സില് നിന്ന് വിരമിക്കാന് ഞാന് തീരുമാനിച്ചു. ഈ തീരുമാനം എളുപ്പമായിരുന്നില്ല, എന്നാല് ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു. ജിംനാസ്റ്റിക്സ് ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. എല്ലാത്തിനും നന്ദി- ദീപ കുറിപ്പിൽ പറഞ്ഞു. ഭാവിയിൽ പരിശീലകയുടേയോ ഉപദേശകയുടെയോ വേഷത്തിൽ എത്തിയേക്കാമെന്നും താരം സൂചന നൽകിയിട്ടുണ്ട്.