ന്യൂഡൽഹി> മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസുവും മാലദ്വീപ് പ്രഥമ വനിത സാജിദ മുഹമ്മദും ഇന്ത്യയിലെത്തി. ആദ്യമായാണ് ഉഭയകക്ഷി സന്ദർശനത്തിനായി മൊയിസു ഇന്ത്യയിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി മൊയിസു കൂടിക്കാഴ്ച നടത്തും.
ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ഒക്ടോബർ 6 മുതൽ 10 തീയതികളിൽ മൊഹമ്മദ് മൊയിസുവിന്റെ ഇന്ത്യാ സന്ദർശനം. എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ന്യൂയോർക്കിൽ നടന്ന 79-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) മൊയിസു എഎൻഐയോട് പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ വളരെ ശക്തമായ ഉഭയകക്ഷി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മൊയ്സു ഈ വർഷം ജൂണിൽ ഇന്ത്യയിലെത്തിയിരുന്നു.
ചൈന അനുകൂല നിലപാടുള്ള സർക്കാരാണ് മൊയ്സുവിന്റേത്. അതിനാൽ തന്നെ കഴിഞ്ഞ വർഷം അവസാനം മൊഹമ്മദ് മൊയ്സു പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായി.
മിക്കവാറും എല്ലാ മാലദ്വീപ് പ്രസിഡന്റുമാരും ഇന്ത്യയിലേക്ക് തങ്ങളുടെ ആദ്യ വിദേശ സന്ദർശനം നടത്താറുണ്ട്. എന്നാൽ അധികാരമേറ്റതിന് ശേഷം ആദ്യം തുർക്കിയും പിന്നീട് ചൈനയുമാണ് മൊയിസു സന്ദർശിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് ‘ഇന്ത്യ ഔട്ട്’ എന്ന രീതിയായിരുന്നു മൊയിസു സ്വീകരിച്ചിരുന്നത്. ഇന്ത്യൻ സൈനികരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ പാർടിയുടെ പ്രധാന തെരഞ്ഞെടുപ്പ് നയമായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, മാലദ്വീപിൽ നിലയുറപ്പിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.