കുന്നംകുളം > സി വി ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് സലീം ഷെരീഫ് അർഹനായി. പൂക്കാരൻ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരമെന്ന് ട്രസ്റ്റ് ചെയർമാൻ വി കെ ശ്രീരാമൻ , ടി കെ വാസു എന്നിവർ അറിയിച്ചു. 40 വയസ്സിൽ താഴെയുള്ള യുവ കഥാകൃത്തുക്കൾക്ക് നൽകുന്നതാണ് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം. 28000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.
തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ എരുമാട് സ്വദേശിയാണ് സലീം ഷെരീഫ്. കെ എം മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, പ്രശസ്ത നോവലിസ്റ്റ് മനോഹരൻ വി പേരകം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരകൃതി തെരഞ്ഞെടുത്തത്. 26ന് വൈകിട്ട് അഞ്ചിന് കുന്നംകുളം നഗരസഭ ലൈബ്രറി അങ്കണത്തിൽ വച്ച് നടക്കുന്ന സി വി ശ്രീരാമൻ അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വി കെ ശ്രീരാമൻ അവാർഡ് സമർപ്പണം നടത്തും . നോവലിസ്റ്റ് എസ് ഹരീഷ് ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീൻ എം എൽ എ അധ്യക്ഷനാകും. നിരൂപക ഡോ. ജി ഉഷാകുമാരി സി വി ശ്രീരാമൻ സ്മാരക പ്രഭാഷണം നിർവ്വഹിക്കും.