തൃശൂർ > ഭൂമിക്ക് അവകാശ രേഖ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ എൺപത്തിയേഴുകാരൻ. 1964 മുതൽ താമസിച്ചുവരുന്ന 13 സെന്റ് വീടുൾപ്പെട്ട ഭൂമിക്ക് പട്ടയം കൈകളിൽ എത്തിയപ്പോൾ തലപ്പിള്ളി താലൂക്കിലെ പാമ്പാടി പുഴക്കടവ് വീട്ടിൽ നാരായണന് ആശ്വാസമേറെ. ഭാര്യ രാജമ്മയുടെ പേരിലുള്ള ഭൂമിയുടെ കീഴ് രേഖകൾ സംഘടിപ്പിച്ച് 1997 ലാണ് പട്ടയത്തിന് അപേക്ഷിച്ചത്.
നിയമ നൂലാമാലകളിൽ പട്ടയം ലഭിച്ചില്ല. ഇതെല്ലാം മറികടന്ന് സ്വന്തം ഭൂമിക്ക് അവകാശ രേഖയായ പട്ടയം കൈകളിലെത്തി. പട്ടയത്തിന് അപേക്ഷിച്ച ഭാര്യ രാജമ്മ വേർപ്പാട് സന്തോഷത്തിനിടയിൽ നാരായണന് വിങ്ങലാണ്. ഭാര്യ രാജമ്മ ഒന്നരവർഷം മുമ്പെ വിടവാങ്ങി. ഇപ്പോൾ നാരായണന്റെ പേരിലാണ് പട്ടയം ലഭിച്ചത്. വാർദ്ധക്യത്തിന്റെ ക്ഷീണം മറന്ന് നാരായണൻ മന്ത്രിയുടെ കയ്യിൽ ഒന്നാമനായി പട്ടയം വാങ്ങാൻ സ്റ്റേജിലേക്ക് ആവേശത്തോടെ കയറിയത്.
വടക്കാഞ്ചേരിഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പട്ടയമേളയിൽ മന്ത്രി കെ രാജൻ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞെങ്കിലും നാരായണൻ കൈ വീശി സദസ്സിനെ അഭിവാദ്യം ചെയ്തു. കൈവശമുണ്ടായിരുന്ന13 സെന്റ് ഭൂമി, റീ സർവ്വേയിൽ 10 സെന്റായി കുറഞ്ഞെങ്കിലും ജീവിത സ്വപ്നമായ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാരായണൻ. ഡ്രൈവറായ മകൻ ബാലകൃഷ്ണനോടൊപ്പമാണ് താമസം.