തിരുവനന്തപുരം
ചട്ടങ്ങളിൽ കാലാനുസൃത മാറ്റംവരുത്തിയും സങ്കീർണത പരിഹരിച്ചും വ്യാഖ്യാനത്തിലെ അവ്യക്തതയ്ക്ക് പരിഹാരംകണ്ടും തദ്ദേശവകുപ്പിന്റെ ഇടപെടലുകൾ സഹായകമായത് ലക്ഷക്കണക്കിനാളുകൾക്ക്. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ 17 തദ്ദേശ അദാലത്തുകളിലായി 37 പൊതുതീരുമാനങ്ങളും ചട്ടഭേദഗതികളുമാണ് ഉണ്ടായത്. ഇതിൽ ആറ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി.
ബാക്കിയുള്ളവയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലുമാണ് അദാലത്ത് നടന്നത്.
അദാലത്തിലെ പ്രധാന തീരുമാനങ്ങൾ, ചട്ടഭേദഗതികൾ
● വസ്തുനികുതിക്കും വാടകയ്ക്കും കൂട്ടുപലിശ ഈടാക്കുന്നത് അവസാനിപ്പിക്കും
● കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ രണ്ട് സെന്റുവരെയുള്ള ഭൂമിയിലെ 100 ചതുരശ്ര മീറ്റർ (1076 ച.അടി)വരെ വിസ്തീർണമുള്ള വീടുകൾക്കുമുന്നിൽ റോഡുമായുള്ള ദൂരപരിധി ഒരു മീറ്ററാക്കി
● 80 ചതുരശ്ര മീറ്റർ (861 ച. അടി) വിസ്തീർണമുള്ള വീടുകൾക്ക് 2024-–-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കും
● 60 ചതുരശ്ര മീറ്ററിൽ (645 ച. അടി) താഴെ വിസ്തീർണമുള്ള വീടുകൾക്ക് യുഎ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ല
● നിബന്ധന പാലിച്ചിട്ടുണ്ടെങ്കിൽ പ്ലോട്ടിന്റെ വിസ്തൃതിയിൽ കുറവോ കൂടുതലോവന്നു എന്ന കാരണത്താൽ കെട്ടിട പെർമിറ്റ് റദ്ദാക്കില്ല
● താമസ ആവശ്യത്തിനുള്ള വീടുകൾ നിർമിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽനിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ല
● റോഡ് വീതികൂട്ടലിനായി പൊളിച്ച കെട്ടിടങ്ങളുടെ ശേഷിക്കുന്ന ഭാഗം, വിസ്തൃതിയും നിലകളുടെ എണ്ണവും വർധിക്കാതെ ബലപ്പെടുത്താൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനുമതി നൽകാം
● വീടുകൾക്ക് ഷീറ്റ് ഇടുന്നത് പ്രത്യേക നിർമിതിയായി കണക്കാക്കില്ല
● ലൈഫ് വീടുകൾക്ക് താൽക്കാലിക നമ്പറാണ്(യുഎ നമ്പർ) ലഭിക്കുന്നതെങ്കിലും അവസാന ഗഡു അനുവദിക്കും.
● യുഎ നമ്പറുള്ള വീടുകളുടെ ഉടമസ്ഥാവകാശവും നിബന്ധനയ്ക്ക് വിധേയമായി കൈമാറാം
● വസ്തുനികുതി പരിഷ്കരണത്തിനുമുമ്പുള്ള അസസ്മെന്റ് രജിസ്റ്ററിലെ കെട്ടിടങ്ങൾക്ക് നിയമാനുസൃതം നമ്പർ പുനഃസ്ഥാപിക്കും
● കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള യാത്രാദൂരം 45 മീറ്ററാക്കും
● കെട്ടിട നിർമാണ ചട്ടം നിലവിൽവരുംമുമ്പ് നിർമിച്ച കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് തുടരാം
● ഗസറ്റിൽ പേരുമാറ്റിയാൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലേയും പേര് തിരുത്താം