തിരുവനന്തപുരം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമാണ് സിപിഐ എമ്മിനെ തോൽപ്പിച്ചതെന്ന് പ്രചരിപ്പിച്ച അതേ ഇടതുവിരുദ്ധ നാവുകൾ ആവർത്തിച്ചുചൊല്ലുന്ന ‘സിപിഐ എമ്മിന്റെ ആർഎസ്എസ് പ്രീണനം’ ന്യൂനപക്ഷങ്ങളിലുള്ള ഇടതുവേര് മുറിക്കാൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയ സ്ഥിതിഗതികൾ വച്ചുള്ള വോട്ടെടുപ്പാണ് നടന്നതെന്നും സംസ്ഥാനതല, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഈ രീതിയല്ല പുലർത്തുകയെന്ന തിരിച്ചറിവുമാണ് പ്രചാരണത്തിനുപിന്നിൽ.
അടുത്തിടെനടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും സർക്കാർ പരിപാടികളിലുമടക്കം ന്യൂനപക്ഷ മേഖലകളിലെ ഇടതുപിന്തുണ ശക്തമാണെന്ന് തെളിഞ്ഞു. വയനാട് ദുരിതാശ്വാസ,പുനർനിർമാണ പ്രവർത്തനങ്ങളും ഓണത്തോടനുബന്ധിച്ച് ക്ഷേമ, ആനുകൂല്യങ്ങളും അവശ്യസാധനങ്ങളെത്തിച്ചതും അവരുടെ വിശ്വാസം വർധിപ്പിച്ചു.
പി വി അൻവർ പോയത് സിപിഐ എമ്മിന് വൻനഷ്ടമാണെന്ന് സ്ഥാപിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും വാർത്താപരമ്പരകൾ കാറ്റുപോയ ബലൂണായി. മലപ്പുറംവിവാദം ഇതുവരെ കൊണ്ടുവന്ന എല്ലാ വിഷയങ്ങളും ക്ലച്ചുപിടിക്കാതെ പോയെന്ന തിരിച്ചറിവാണ്. അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമംതന്നെ പിശക് തുറന്നുപറഞ്ഞിട്ടും അതിൽ കടിച്ചുതൂങ്ങുന്നതും വിചിത്രം. മലപ്പുറം ഒരാളുടെയും അട്ടിപ്പേറല്ലെന്നും സിപിഐ എമ്മാണ് ജില്ല രൂപീകരിക്കാനും സാധാരണക്കാർക്ക് തൊഴിൽ ലഭിക്കാനുമുള്ള നടപടികൾ എടുത്തതെന്നും പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് ചരിത്രസത്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
സിപിഐ എമ്മും ഇടതുപക്ഷവും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് സ്ഥാപിക്കാൻ ലീഗിന്റെയും മതസ്ഥാപനങ്ങളുടെയും മാധ്യമങ്ങൾ മുഖ്യധാരക്കൊപ്പംചേർന്ന് ശ്രമിക്കുകയാണ്. മറുഭാഗത്ത് ബിജെപി മുഖപത്രം മലപ്പുറം കള്ളക്കടത്തുകാരുടെ കേന്ദ്രമാണെന്ന് ആവർത്തിക്കുന്നു.
ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ഇടതുപക്ഷത്തിനെതിരായി ഉപയോഗിക്കാനുമാണ് ശ്രമം. ഇതിന് ഇരുവർഗീയ ശക്തികളും ‘ മഴവിൽ സഖ്യം ’ എന്നപോലെ കൈകോർക്കുന്നു, ഇടനിലയായി ലീഗും കോൺഗ്രസും അവരോടൊപ്പമുള്ള മാധ്യമങ്ങളും. ഇത് തുറന്നുകാണിക്കാൻ കൂടിയാണ് സിപിഐ എമ്മിന്റെ പ്രചാരണം.