തൃശൂർ > ഓണത്തുമ്പികൾക്ക് കൂട്ടായി ചങ്ങാതി തുമ്പികളും സൂചി തുമ്പികളും.. ഇടയ്ക്കെത്തുന്ന സഞ്ചാരി തുമ്പികൾക്ക് കൂട്ടിന് കല്ലൻതുമ്പികളും.. തുമ്പികൾക്ക് വിഹരിക്കാൻ കോൾപാടം നിറയെ ഇടമുണ്ട്… ആരും ശ്രദ്ധിക്കാതെ പോകുന്ന അപൂർവയിനം തുമ്പകളെ ക്യാമറയിൽ പകർത്തി ലോകത്തോട് പങ്കുവയ്ക്കുകയാണ് തുമ്പി സർവെയും.
കോൾ തണ്ണീർതട ആവാസ വ്യവസ്ഥയിലെ തുമ്പികളുടെ വൈവിധ്യം രേഖപ്പെടുത്താനായി സംഘടിപ്പിക്കുന്ന വാർഷിക സർവെയിലൂടെയാണ് അപൂർവയിനം തുമ്പികളെ ജില്ലയിലെ വിവിധ കോൾപാടങ്ങളിൽ കണ്ടെത്താനായത്. തുമ്പി-പക്ഷി നിരീക്ഷകരുടെയും വിദ്യാർഥികളുടെയും കോൾനില സംരക്ഷക കൂട്ടായ്മകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് സർവെ സംഘടിപ്പിച്ചത്. അടാട്ട്, മാറഞ്ചേരി, തൊമ്മാന, പാലയ്ക്കൽ, ചേനം, മനക്കൊടി -പുള്ള്, ഉപ്പുങ്ങൾ, പുല്ലഴി, ഏനമാവ് എന്നീ പ്രദേശങ്ങളിൽ നിന്നും 30 വ്യത്യസ്തതരം തുമ്പികളെയാണ് കണ്ടെത്തിയത്. എട്ടിനം സൂചി തുമ്പികളെയും 22 ഇനം കല്ലൻ തുമ്പികളെയും സർവെ സംഘം കണ്ടെത്തി.
മിക്ക പ്രദേശങ്ങളിലും കൂടുതലായി കണ്ടത് ചങ്ങാതി തുമ്പികളായായിരുന്നു. നൂറുകണക്കിന് ചങ്ങാതി തുമ്പികളെ പല പ്രദേശങ്ങളിലും കണ്ടെത്തി. ഓണത്തുമ്പികളെയും സഞ്ചാരി തുമ്പികളെയും കണ്ടെത്താനായി. പരിസ്ഥിതിയിലെ മാറ്റങ്ങൾ അറിയാൻ സാധിക്കുന്ന ജൈവസൂചകരായ ജീവിവർഗങ്ങളിൽ പ്രധാനികളായ തുമ്പികൾ.
കോൾ നിലങ്ങളിലെ പ്രധാനപ്പെട്ട തണ്ണീർത്തട മേഖലകളിൽ നടന്ന സർവെയിൽ 55 പേർ നിരീക്ഷകർ പങ്കെടുത്തു. കോൾ ബേഡേഴ്സ് കലക്റ്റീവിന്റെ ആഭിമുഖ്യത്തിൽ റാംസാർ ബേഡ് മോണിറ്ററിങ്ങ് പദ്ധതിയുടെ ഭാഗമായി പക്ഷികളുടെ കണക്കെടുപ്പും ഇതോടൊപ്പം നടത്തി. ദേശാടനകാലത്തെ വരവറിയിച്ചുകൊണ്ട് വർണ്ണക്കൊക്കുകളും പെലിക്കണുകളും ചട്ടുകക്കൊക്കന്മാരെയും കോൾപ്പാടത്ത് നിന്ന് കണ്ടെത്തി.
കോൾനിലങ്ങളിലെ തുമ്പികളെക്കുറിച്ച് നടന്ന ഓൺലൈൻ ക്ലാസിൽ ഗവേഷകനായ വിവേക് ചന്ദ്രൻ ക്ലാസ് നയിച്ചു. മനോജ് കരിങ്ങാമഠത്തിൽ, ഗവേഷക രാജശ്രീ വാസുദേവൻ എന്നിവർ സംസാരിച്ചു. രാജശ്രീ വാസുദേവൻ, മനോജ് കരിങ്ങാമഠത്തിൽ, രാജു കാവിൽ, പി കെ സിജി, കെ എസ് സുബിൻ, ഡോ. ആദിൽ നഫർ, മിനി ആന്റോ, പി കെ സിജി, ആർ വി രഞ്ജിത്ത്, അലൻ അലെക്സ്, കെ പി ഡിജുമോൻ, എസ് പ്രശാന്ത്, ജെ ജെയിൻ, ധന്യ ശ്രീജിത്ത്, ലതീഷ് ആർ നാഥ്, സേതുമാധവൻ, സണ്ണി ജോസഫ്, ഡോ. മഹേഷ്, അളകനന്ദ, രാഹുൽ ശങ്കർ, മനോജ് കുന്നമ്പത്ത് തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ സർവെകൾക്ക് നേതൃത്വം നൽകി.