കോതമംഗലം > ‘പുതുപ്പള്ളി സാധു’ എന്ന നാട്ടാന എപ്പോഴോ വൈലോപ്പിള്ളിയുടെ സഹ്യന്റെ മകൻ കവിതയെ കുറിച്ച് അറിഞ്ഞിരിക്കണം. അതായിരിക്കാം സിനിമ ഷൂട്ടിങ് സെറ്റിൽ നിൽക്കുമ്പോൾ ആനയ്ക്ക് തന്റെ വീടായ കാടിലേക്ക് മടങ്ങിപ്പോകാൻ ഒരാഗ്രഹം തോന്നിപ്പിച്ചത്. ആഗ്രഹങ്ങളൊന്നും മാറ്റിവയ്ക്കരുത് എന്നാണല്ലോ, രണ്ടാമതൊന്നും ആലോചിക്കാതെ കാട്ടിലേക്ക് വച്ചുപിടിച്ചു സാധു.
ദേഹത്ത് ചെളി പുരട്ടിയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചും കാടിന്റെ വന്യതയെ ആസ്വദിക്കുകാൻ തുടങ്ങുകയായുരുന്നു ആന. എന്നാൽ മനുഷ്യർ വീണ്ടും അവന്റെ ആവാസവ്യവസ്ഥ തകർത്ത് നാട്ടിലേക്ക് സാധുവിനെ തിരിച്ചെത്തിച്ചു. ഇത്രയും കാലം നാട്ടാനയായി ജീവിച്ച പുതുപ്പള്ളി സാധുവിന് കാടിൽ അതിജീവിക്കാൻ കഴിയുമായിരുന്നോ എന്നുള്ളത് മറ്റൊരു ചോദ്യം.
വെള്ളയാഴ്ച ഭൂതത്താൻകെട്ടിൽ നടന്ന വിജയ് ദേവരകൊണ്ട നായകനായ സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിൽ നിന്നാണ് പുതുപ്പള്ളി സാധു വിരണ്ടോടിയത്. സെറ്റിലുണ്ടായിരുന്ന മറ്റൊരു ആനയായ മണികണ്ഠന്റെ ആക്രമണത്തെ തുടർന്നായിരുന്നു ഈ കാട് കയറ്റം. ആന വിരണ്ടോടിയതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും സിനിമാ പ്രവർത്തകരും തുണ്ടം വനമേഖലയിൽ ആനയ്ക്കായി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ശനിയാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്ന് ആനയെ കണ്ടെത്തുകയും ചെയ്തു. ആനയ്ക്ക് വലിയ പരിക്കുകളില്ലെന്നു വനപാലകർ അറിയിച്ചിട്ടുണ്ട്. ആനയെ ലോറിയിൽ കയറ്റി തിരിച്ച് കോട്ടയത്ത് എത്തിക്കുകയും ചെയ്തു.