കൊച്ചി
കോടതിയിൽ സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തെയും സംബന്ധിച്ച് തെറ്റായ വാർത്ത നൽകുന്ന മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അത്തരം വാർത്ത നൽകുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ ഉത്തരവിൽ പറഞ്ഞു. സെപ്തംബർ 16ന് റിപ്പോർട്ടർ ചാനൽ നൽകിയ വാർത്തയ്ക്കെതിരെ വനിതാ കമീഷൻ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ഉത്തരവ്.
ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചശേഷം സെപ്തംബർ 12ന് പ്രത്യേക അന്വേഷകസംഘത്തിന് കൈമാറി. അതിനുപിന്നാലെയാണ് റിപ്പോർട്ടിനെ പരാമർശിച്ച് റിപ്പോർട്ടർ ചാനൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയത്. പ്രമുഖ നടനിൽനിന്നും സംവിധായകനിൽനിന്നും ലൈംഗികാതിക്രമത്തിന് ഇരയായ നടിയുടെ വെളിപ്പെടുത്തൽ എന്നായിരുന്നു വാർത്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബർ പത്തിന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണ് ഇതെന്ന സത്യവാങ്മൂലത്തിലെ പരാമർശം ശരിവച്ചാണ് മുന്നറിയിപ്പ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കോടതി ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണപുരോഗതിയും മറ്റു വിവരങ്ങളും അറിയാൻ മാധ്യമങ്ങൾ നിരന്തരം സമീപിക്കുന്നതായി പ്രത്യേക അന്വേഷകസംഘവും അറിയിച്ചിരുന്നു. തുടർന്നും അത്തരം ശ്രമങ്ങളുണ്ടായാൽ അന്വേഷകസംഘം കോടതിയെ അറിയിക്കണം. അന്വേഷണത്തിൽ ഇടപെടുന്നതും തടസ്സപ്പെടുത്തുന്നതും കോടതി ഗൗരവമായാണ് കാണുന്നതെന്നും ഉത്തരവിൽ പറഞ്ഞു.