ന്യൂഡൽഹി
കർഷക, യുവജന രോഷം അലയടിക്കുന്ന ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. 90 മണ്ഡലങ്ങളിൽ പകൽ ഏഴുമുതൽ ആറുവരെയാണ് പോളിങ്. 1,031 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഫലം ചൊവ്വാഴ്ച.
ഭരണവിരുദ്ധ വികാരത്തിൽ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ശക്തമായ പ്രചാരണം നടത്തി. അഗ്നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ പ്രതിഫലിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാനിൽ കോൺഗ്രസ് സ്ഥാനാർഥിയാണ്. ഭൂപീന്ദർ സിങ് ഹൂഡ, കുമാരി ഷെൽജ വിഭാഗങ്ങളുടെ തമ്മിലടി കോൺഗ്രസിന് ക്ഷീണമാണ്. സിപിഐ എം മത്സരിക്കുന്ന ഭിവാനിയിൽ സ്ഥാനാർഥി ഓംപ്രകാശിന് വൻ സ്വീകാര്യത നേടാനായിട്ടുണ്ട്. വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് പരോൾ അനുവദിച്ച് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി കളത്തിൽ ഇറക്കി. ലക്ഷക്കണക്കിനുള്ള അനുകൂലികളെ സ്വാധീനിക്കാമെന്ന പ്രതീക്ഷയിലാണ് നീക്കം.
തെരഞ്ഞെടുപ്പ്
ദിനത്തില് കിസാൻ നിധി വിതരണം
ഹരിയാന തെരഞ്ഞെടുപ്പ് നടക്കുന്ന ശനിയാഴ്ച പി എം കിസാൻ സമ്മാൻ നിധിയുടെ 18–-ാം ഗഡു വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ. പ്രധാനന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ വാഷിമിൽ വിതരണോദ്ഘാടനം നിർവഹിക്കും. രണ്ടായിരം രൂപ വീതം മൂന്നുതവണയായി വർഷം ആറായിരം രൂപ കർഷകർക്ക് നൽകുന്നതാണ് പദ്ധതി. 17–-ാം ഗഡു ഒരുമാസം വൈകി ജൂണിലാണ് വിതരണം ചെയ്തത്. കർഷകരോഷം തിളച്ചുമറിയുന്ന ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.