ന്യൂഡൽഹി > ഇന്ത്യയിലെ ജയിലുകളിൽ ജാതി തിരിച്ച് തൊഴിൽ നൽകുന്നതിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ. ചീഫ് ജസ്റ്റ് അടങ്ങിയ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ജാതി വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ സുപ്രധാനമാണെന്നും സിപിഐ എം വിലയിരുത്തി. ഒപ്പം സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുളളില് ജയില് ചട്ടങ്ങള് പരിഷ്ക്കരിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുകയും ചെയ്തു.
ജയിലില് ജാതി നോക്കി ജോലി കൊടുക്കരുത്: സുപ്രീംകോടതി
ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാരുടെ ജാതി നോക്കി തൊഴിലുകൾ വീതിച്ചുനൽകുന്ന സമ്പ്രദായം ഉടൻ നിർത്തണമെന്ന് സുപ്രീംകോടതി. ജയിൽ രജിസ്റ്ററുകളിൽ നിന്ന് ജാതിക്കോളവും തടവുകാരുടെ ജാതി സൂചിപ്പിക്കുന്ന വിവരങ്ങളും നീക്കണം. ജയിലുകളിലെ തൊഴിലിലും ജാതി വിവേചനം തുടരുന്നത് ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു.
ജയിലുകളിലെ ജാതിവിവേചനത്തെ കുറിച്ച് ‘ദി വയർ’ വാർത്താപോർട്ടലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തക സുകന്യാശാന്ത നൽകിയ കേസിലാണ് സുപ്രീംകോടതി ഇടപെടൽ. ഹര്ജി തീര്പ്പാക്കിയ കോടതി വിഷയത്തില് സ്വമേധയാകേസെടുത്ത് മുന്നോട്ടുപോകുമെന്ന് അറിയിച്ചു.
‘സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നത് ദുഃഖകരമാണ്. പാർശ്വവൽകൃത ജാതികളിൽ നിന്നുള്ളവരെ അടിച്ചുതുടയ്ക്കൽ, വൃത്തിയാക്കൽ ജോലികൾക്ക് നിയോഗിക്കുമ്പോൾ മേൽജാതിക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്ക് പാചകജോലികളും മറ്റുമാണ് നൽകുന്നത്. ഇത്തരം തൊഴിൽവിഭജനങ്ങൾ തുല്യത വാഗ്ദാനം ചെയ്യുന്ന, വിവേചനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദങ്ങളുടെ ലംഘനമാണ്’–- ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ്മിശ്ര എന്നിവര് കൂടി ഉള്പ്പെട്ട ബെഞ്ച് വിധിന്യായത്തിൽ നിരീക്ഷിച്ചു.
പാർശ്വവൽകൃത വിഭാഗങ്ങളിൽ ജനിച്ചവരായത് കൊണ്ട് മാത്രം ചിലർ കക്കൂസ് വൃത്തിയാക്കണമെന്നും തൂത്തുവാരിത്തുടയ്ക്കണമെന്നും അനുശാസിക്കുന്നത് ചൂഷണമാണ്. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക അവസ്ഥകളുടെ പേരിൽ അവരെ തൊഴിൽപരമായി ചൂഷണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനങ്ങളിലെ ജയിൽമാന്വലുകളിൽ കാതലായ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു. 2016ലെ മാതൃകാ ജയിൽമാന്വലില് സംസ്ഥാനങ്ങളും 2013ലെ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആക്റ്റില് കേന്ദ്രസർക്കാരും മാറ്റം വരുത്തണം. എല്ലാ സംസ്ഥാനസർക്കാരുകളും കേന്ദ്രസർക്കാരും കോടതി നിർദേശങ്ങൾ പാലിച്ച് സത്യവാങ്മൂലം സമർപ്പിക്കണം. മൂന്നുമാസത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കും.