ഒൻപതാമത് വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾ വ്യാഴാഴ്ച മുതൽ ദുബായിലും ഷാർജയിലുമായി ആരംഭിക്കും. രാഷ്ട്രീയ അനിശ്ചിതത്വങ്ങളെ തുടർന്നു ടൂർണമെന്റു ബംഗ്ലാദേശിൽനിന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ലോകകപ്പ് നേടുന്ന പുരുഷ ടീമുകൾക്കു ലഭിക്കുന്ന അതേ സമ്മാനത്തുക സ്ത്രീകൾക്കും ലഭിക്കുന്ന ആദ്യ ഐസിസി ടൂർണമെന്റായിരിക്കും ഇത്.
ടൂർണമെൻ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ ഇതാ
- പുരുഷ ടി20 ലോകകപ്പിൽ നിന്നു വ്യത്യസ്തമായി, വനിതകളുടെ ടൂർണമെന്റ് 10 ടീമുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഗ്രൂപ്പ് എയിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളും മാറ്റുരയ്ക്കും.
- ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, പാകിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം മരണ ഗ്രൂപ്പിലാണ് ഇന്ത്യ. വെള്ളിയാഴ്ച (ഒക്‌ടോബർ 4) ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഒക്‌ടോബർ 6ന് പാക്കിസ്ഥാനെയും, ഒക്ടോബർ 9ന് ശ്രീലങ്കയെയും ഇന്ത്യ നേരിടും. ദുബായിലാണ് മൂന്നു മത്സരങ്ങളും നടക്കുന്നത്. ഒക്ടോബർ 13ന് ഷാർജയിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം.
- നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ, തുടർച്ചയായ മൂന്നു ലോകകപ്പുകൾ ഉൾപ്പെടെ ആറു കിരീടം നേടിയിട്ടുണ്ട്. 2009ൽ പ്രഥമ വനിത ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ടും, 2016ൽ കപ്പുയർത്തിയ വെസ്റ്റ് ഇൻഡീസുമാണ് മറ്റു കിരീട ജേതാക്കൾ.
- പുരുഷ ടീമുകൾക്കു ലഭിക്കുന്ന അതേ സമ്മാനത്തുക സ്ത്രീകൾക്കും ലഭിക്കുന്ന ആദ്യ ഐസിസി ടൂർണമെന്റായിരിക്കും ഇത്. 2.34 ദശലക്ഷം ഡോളറാണ് വിജയികളെ കാത്തിരിക്കുന്നത്.
- എല്ലാ മേഖലയിലും വനിതാ പങ്കാളിത്തം എന്നതാണ് ഇത്തവണത്തെ വനിതാ ലോകകപ്പിന്റെ മറ്റൊരു സവിശേഷത. ടൂർണമെൻ്റ നിയന്ത്രിക്കുന്ന 10 അമ്പയർമാരും മൂന്നു മാച്ച് റഫറിമാരും വനിതകളാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് അമ്പയർമാരായ ജി.എസ് ലക്ഷ്മിയും, വൃന്ദ രതിയും ടൂർണമെന്റിന്റെ ഭാഗമാകും.
- മിതാലി രാജ്, അഞ്ജും ചോപ്ര, ഡബ്ല്യു.വി രാമൻ എന്നിവർ കമന്ററി ബോക്സിലെ ഇന്ത്യൻ ശബ്ദങ്ങളാകും. കൂടാതെ, ലോകകപ്പ് ജേതാക്കളായ മെൽ ജോൺസ്, ലിസ സ്റ്റാലേക്കർ, സ്റ്റേസി ആൻ കിംഗ്, ലിഡിയ ഗ്രീൻവേ, കാർലോസ് ബ്രാത്ത്‌വെയ്റ്റ് എന്നിവർക്കൊപ്പം കാറ്റി മാർട്ടിനും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സന മിറും കമന്ററിയിൽ ചേരും.
- മത്സരങ്ങൾ ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ പ്രക്ഷേപണം ചെയ്യും. ഡിസ്നി+ഹോട്‌സ്റ്റാർ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലും മത്സരം കാണാം. ഡേ മത്സരങ്ങൾ ഇന്ത്യൻ സമയം വൈകുന്നേരം 3.30 നും നൈറ്റ് മത്സരങ്ങൾ 7.30 നും ആരംഭിക്കും.
- ഇന്ത്യൻ സ്ക്വാഡ്: ഹർമൻപ്രീത് കൗർ (സി), സ്മൃതി മന്ദാന (വി.സി), ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (ഡബ്ല്യു.കെ), യാസ്തിക ഭാട്ടിയ (വിക്കറ്റ്), പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, ദയാലൻ ഹേമലത, ആശാ ശോഭന , രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.
Read More
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര
- ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്
- തിരിച്ചുവരവ് കളറാക്കി പന്ത്; കോഹ്ലിയും രോഹിതും താഴേക്ക്; ഐസിസി റാങ്കിങ്
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം