തിരുവനന്തപുരം > 63–-ാം കേരള സ്കൂൾ കലോത്സവത്തിന്റെ തീയതികളിൽ മാറ്റം. ഡിസംബർ നാലിന് ദേശീയ അടിസ്ഥാനത്തിൽ നാഷണൽ അച്ചീവ്മെന്റ് സർവ്വെ (നാസ്) പരീക്ഷ നടത്താൻ തീരുമാനിച്ച കാര്യം കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സർക്കുലർ പ്രകാരം അറിയിച്ചതിന് പിന്നാലെയാണ് കലോത്സവത്തിന്റെ തീയതികൾ മാറ്റം വരുത്തിയത്. തിരുനന്തപുരത്ത് ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നടക്കേണ്ടിയിരുന്ന കലോത്സവം ജനവുവരി ആദ്യ വാരത്തേക്കാണ് മാറ്റിവച്ചിരിക്കുന്നത്. കൃത്യമായ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നാസ് പരീക്ഷ കൂടാതെ ഡിസംബർ 12 മുതൽ 20 വരെ രണ്ടാം പാദ വാർഷിക പരീക്ഷ നടക്കുന്നതിനാലും 21 മുതൽ 29 വരെ ക്രിസ്തുമസ് അവധി ആയതിനാലും കേരള സ്കൂൾ കലോത്സവം നേരത്തെ നിശ്ചയിച്ച തീയതിയിൽ നടത്താൻ സാധിക്കില്ല. അതുകൊണ്ടാണ് കലോത്സവം ജനുവരിയിലേക്ക് നീട്ടിയിരിക്കുന്നത്.
2025 ജനുവരിയിലേക്ക് കലോത്സവം മാറ്റിയ സാഹചര്യത്തിൽ സ്കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും ക്രമീകരിക്കും. സ്കൂൾ, സബ്ജില്ലാ, ജില്ലാ തല മത്സരങ്ങൾ ഒക്ടോബർ 15, നവംബർ 10, ഡിസംബർ മൂന്ന് തീയതികൾക്കകം പൂർത്തീകരിക്കും.
കേരള സ്കൂൾ കലോത്സവ മാനുവലിൽ ഭേദഗതികൾ ഉൾപ്പെടുത്തി സമഗ്രമായി പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശീയ നൃത്ത രൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നീ അഞ്ചിനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്. കലോത്സവത്തിന്റെ വെബ്സൈറ്റും പരിഷ്കരിച്ചിട്ടുണ്ട്.