ലഖ്നൗ> എപ്പോഴാണ് നിങ്ങൾ അവസാനമായി റേഡിയോയിൽ ഒരു പാട്ട് കേട്ടത്? ആ പാട്ട് നിങ്ങൾ കേട്ടത് മൊബൈൽ ഫോണിലൂടെയാണോ? സ്പോട്ടിഫൈയുടെയും യൂട്യൂബിന്റെയും ലോകത്ത് റേഡിയോ അതിജീവിക്കാൻ പാടുപെടുകയാണ്. എന്നാൽ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗളയിൽ താമസിക്കുന്ന രാം സിംഗ് ബൗധ് ഇന്നും റേഡിയോയുടെ ലോകത്താണ്. അത് അദ്ദേഹത്തിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടികൊടുത്തു. 1000-ലധികം റേഡിയോകളുടെ ശേഖരമാണ് രാം സിംഗ് ബൗധിന്റെ പക്കലുള്ളത്.
1920-കൾ മുതൽ 2010 വരെ ഡൽഹി, മീററ്റ് എന്നിവയുൾപ്പെടെ രാജ്യത്തെ വിവിധ വിപണികളിൽ നിന്ന് വാങ്ങിയ റേഡിയോകൾ ബൗധിന്റെ പക്കലുണ്ട്. 625 റേഡിയോകളുടെ ശേഖരമുള്ള എം പ്രകാശിന്റെ റെക്കോർഡാണ് ബൗധ് തകർത്തത്.
വീട്ടിൽ റേഡിയോ മ്യൂസിയം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ബൗധിനുള്ളത്. അത് കൂടാതെ റേഡിയോ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഭാവി തലമുറയെ ബോധവാന്മാരാക്കാനാണ് താനിത് ശേഖരിക്കുന്നതെന്നും ബൗധ് പറഞ്ഞു.