കാസർകോട്
മന്ത്രിമാറ്റം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ എൻസിപി കേരള ഘടകത്തിൽ നടന്നിട്ടില്ലെന്ന് അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ് പി സി ചാക്കോ. പാർടിയിൽ ഭിന്നതയുണ്ടെന്നും മന്ത്രിസ്ഥാനത്തുനിന്ന് എ കെ ശശീന്ദ്രനെ മാറ്റാൻ ചർച്ചനടക്കുന്നുവെന്നുമുള്ളത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർടി പ്രസിഡന്റ് ശരത് പവാറിന്റെ നിർദേശപ്രകാരം എ കെ ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണും. എൽഡിഎഫ് നേതാക്കൾ പറയുന്നതല്ല മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് മാധ്യമശ്രമം. പി വി അൻവറിന്റെ പരാതികളിൽ അന്വേഷണം നടക്കുകയാണ്. അതിനിടയിലാണ് അൻവർ കള്ളപ്രചാരണം നടത്തുന്നതെന്നും ചാക്കോ പറഞ്ഞു.