ന്യൂഡൽഹി
ഹേമന്ത് സോറന്റെ നേതൃത്വത്തെ ചോദ്യംചെയ്താല് കോണ്ഗ്രസ്, തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി ജെഎംഎം. ജാർഖണ്ഡിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുലാം അഹമദ്മിർ നടത്തിയ ചില പരാമർശങ്ങളാണ് ജെഎംഎമ്മിനെ ചൊടിപ്പിച്ചത്. കോൺഗ്രസിന് 25–-30 സീറ്റ് കിട്ടുന്നപക്ഷം ഇരുപാർടികളുടെയും മുഖ്യമന്ത്രിമാർ കാലാവധിവെച്ച് ഭരിക്കുന്ന സാഹചര്യം തള്ളിക്കളയാനാകില്ല എന്നായിരുന്നു മിറിന്റെ പ്രസ്താവന. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ജെഎംഎം നേതാക്കൾ പ്രതികരിച്ചു.
ജെഎംഎം നേതൃത്വത്തിന് കീഴിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധരായ കക്ഷികളെ മാത്രമേ സ്വാഗതം ചെയ്യൂവെന്ന് ജെഎംഎം വക്താവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. 81 സീറ്റിലും ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കണമെന്ന് പലകോണുകളിൽ നിന്നും സമ്മർദ്ദമുണ്ട്. ഹേമന്ത് സോറന്റെ മാത്രം നേതൃത്വത്തിലാകും തെരഞ്ഞെടുപ്പ് നേരിടുക സുപ്രിയോ വിശദീകരിച്ചു. ഒറ്റയ്ക്ക് മത്സരിച്ചാലും 81ൽ 55 –-56 സീറ്റില് ജയിക്കാനാകുമെന്നാണ് ജെഎംഎം കണക്കുകൂട്ടൽ. 2019ൽ 30 സീറ്റിൽ ജയിച്ച് ജെഎംഎം വലിയ ഒറ്റകക്ഷിയായപ്പോൾ 16 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്.