ന്യൂഡൽഹി
ബിജെപി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് വ്യാഴാഴ്ച തിരശീല വീഴും. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾ, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, വിലക്കയറ്റം എന്നിവ ചർച്ചാവിഷയമായ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും തന്ത്രപൂർവം ബിജെപിയുടെ പ്രചാരണ നേതൃത്വത്തിൽനിന്ന് വിട്ടുനിന്നു.
റാലികളിൽ പങ്കെടുത്തുവെങ്കിലും പ്രധാനമന്ത്രി കഴിഞ്ഞകാലങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കാട്ടിയ താൽപര്യം ഹരിയാനയിൽ പ്രകടിപ്പിച്ചില്ല.
വിഷയങ്ങൾ ഏറെയുണ്ടെങ്കിലും കോൺഗ്രസിന്റെ പ്രശ്നം നേതാക്കൾ തമ്മിലുള്ള അധികാര വടംവലിയും താഴെത്തട്ടിൽ പ്രവർത്തകരുടെ അഭാവവുമാണ്.
മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മുൻ കേന്ദ്രമന്ത്രി കുമാരി ഷെൽജ, രാജ്യസഭാംഗം രൺദീപ്സിങ് സുർജെവാല എന്നിവർ മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിച്ച് രംഗത്തുണ്ട്. പ്രചാരണനേതൃത്വം ഹൂഡയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് രംഗത്ത് സജീവമല്ലാതിരുന്ന ഷെൽജയും സുർജെവാലയും ഇക്കാര്യം ചർച്ചയായതോടെ പരിപാടികൾക്കെത്തി. സുർജെവാലയുടെ മകൻ ആദിത്യ(25) കൈഥൽ മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. 2019ൽ സുർജെവാല 1,246 വോട്ടിന് പരാജയപ്പെട്ട സീറ്റാണിത്. രണ്ട് തവണ എംഎൽഎയായ ബിജെപിയിലെ ലീലാറാം ഗുജ്ജറാണ് എതിരാളി.ബുധനാഴ്ച പ്രിയങ്ക ഗാന്ധി ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർഥിയായ ജുലാനയിൽ പൊതുയോഗത്തിൽ പങ്കെടുത്തു. കുരുക്ഷേത്ര യുദ്ധത്തിനും ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തിനും സമാനമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഭിവാനി മണ്ഡിയിൽ സിപിഐ എം സ്ഥാനാർഥി ഓം പ്രകാശിന്റെ പ്രചാരണയോഗത്തിൽ പാർടി പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, കേന്ദ്രകമ്മിറ്റിയംഗങ്ങളായ വിജൂ കൃഷ്ണൻ, വിക്രം സിങ്, സംസ്ഥാന സെക്രട്ടറി സുരേന്ദ്ര മലിക്, കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ എന്നിവർ സംസാരിച്ചു.
ജനരോഷത്തിൽപ്പെട്ട്
ബിജെപി സ്ഥാനാർഥികൾ
രത്തിയയിൽ ബിജെപി സ്ഥാനാർഥിയായ മുൻ എംപി സുനിത ദുഗ്ഗലിന് കർഷകരോട് മാപ്പ് പറയേണ്ടിവന്നു. മുമ്പ് നടത്തിയ പ്രസ്താവന തിരുത്തി, ശംഭു, ഖന്നൗരി അതിർത്തികളിൽ സമരം ചെയ്യുന്നത് യഥാർഥ കർഷകരാണെന്ന് അവർക്ക് പറയേണ്ടിയും വന്നു. ധാനി ഗ്രാമത്തിൽ പ്രചാരണത്തിന് എത്തിയ സുനിതയെ ബികെയു പ്രവർത്തകർ തടഞ്ഞ് നിർത്തി ചോദ്യംചെയ്തതോടെയാണ് അവർ മാപ്പ്
പറഞ്ഞത്.
കർഷകരുടെ പേരിൽ രാഷ്ട്രീയ സമരമാണ് നടക്കുന്നതെന്ന് സുനിത നേരത്തെ ആക്ഷേപിച്ചിരുന്നു. ഹിസാറിൽ ബിജെപി സ്ഥാനാർഥി കമൽ ഗുപ്തയ്ക്കുനേരെ ചെരിപ്പേറുണ്ടായി.