ന്യൂഡൽഹി> മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കിനെ ചൊല്ലിയുള്ള തർക്കം വീണ്ടും വിവാദമായിരിക്കുകയാണ്. ചിഹ്നത്തെ ചൊല്ലി ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു.അജിത് പവാർ വിഭാഗം “ക്ലോക്ക്” ചിഹ്നം ഉപയോഗിക്കുന്നത് തടയാൻ വേണ്ടിയാണ് എൻസിപി (ശരദ്ചന്ദ്ര പവാർ) ഹർജി നൽകിയിരിക്കുന്നത്. ഹർജി ഒക്ടോബർ 15ന് കോടതി പരിഗണിക്കും.
ഈ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ക്ലോക്ക് ആയത് വോട്ടർമാരിൽ കാര്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചതായി ശരദ് പവാർ വിഭാഗം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യഥാർത്ഥ എൻസിപി ആരാണെന്ന് വോട്ടർമാർ വ്യക്തമാക്കിയതിനാൽ അജിത് പവാർ വിഭാഗത്തിന് പുതിയ ചിഹ്നം നൽകണമെന്നാണ് ശരദ് പവാർ വിഭാഗത്തിന്റെ ആവശ്യം.