മുംബൈ > താനെ ജില്ലയിലെ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്തു. എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തിന് ശേഷം 38 വിദ്യാർഥികൾക്ക് തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ ഏഴ് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 37 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർ 12 മണിക്കൂർ കൂടി നിരീക്ഷണത്തിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കൽവ പൊലീസ് സ്കൂൾ മാനേജ്മെന്റിനും ഭക്ഷണം വിതരണം ചെയ്തവർക്കുമെതിരെയും കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിലെന്നും പൊലീസ് പറഞ്ഞു.