ഇടുക്കി > രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കറൻസി നോട്ടുകളിലും ചിത്രങ്ങളിലും മാത്രം കണ്ടു ശീലിച്ച പലർക്കും തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗാന്ധി ക്ഷേത്രം പുതിയൊരു അനുഭവമാണ്. കമ്പത്തിന് സമീപത്തുള്ള കാമയ്യ കൗണ്ടൻപട്ടി എന്ന ഗ്രാമത്തിലാണ് 1985ൽ മഹാത്മാഗാന്ധിക്ക് ക്ഷേത്രം നിർമിച്ചത്. സ്വാതന്ത്ര്യസമര സ്മരണക്കും രക്തസാക്ഷികളെ ആദരിക്കുന്നതിനും ഗ്രാമത്തിൽ ക്ഷേത്രം പണിയാനും മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനും ഗ്രാമവാസികളാണ് തീരുമാനിക്കുകയായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ പങ്ക് രേഖപ്പെടുത്തിയ മാതൃകാ ഗ്രാമമാണിത്. 1985-ൽ സ്വാതന്ത്ര്യ സമര സേനാനിയും മുൻ എംഎൽഎയുമായ പാണ്ഡ്യരാജിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായത്തോടെയാണ് ക്ഷേത്രവും മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയും സ്ഥാപിച്ചത്. ആറുമാസം കൊണ്ട് പൂർത്തീകരിച്ച ക്ഷേത്രം അന്നത്തെ ഇന്ത്യൻ വെെസ് പ്രസിഡന്റ് ആർ വെങ്കിട്ടരാമനാണ് 1985 ഡിസംബർ 29ന് ഉദ്ഘാടനം ചെയ്തത്. അന്നു മുതൽ 39 വർഷമായി ഗ്രാമീണർ ക്ഷേത്രത്തിൽ ഗാന്ധിയെ ആരാധിക്കുന്നു. വർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജിയുടെ ജന്മദിനം, ദേശീയ നേതാക്കളുടെ ജന്മദിനം എന്നിവയിൽ ഗാന്ധിക്ഷേത്രം വർണാഭമായ ദീപങ്ങളാൽ അലങ്കരിക്കപ്പെടും. ആ ദിവസങ്ങളിൽ ഗ്രാമവാസികളും സ്കൂൾ വിദ്യാർഥികളും ഗാന്ധി ക്ഷേത്രത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും.
ഗാന്ധിയെ കൂടാതെ പരമശിവതേവർ, മുൻ എംപി ശക്തിവാദിവേൽ ഗൗഡർ, കൃഷ്ണസാമി ഗൗഡർ, സമന്തി ആശാരി, കുന്തിലരാമസ്വാമി നായക്, വീരച്ചാമി നായിഡു, സുബ്രഹ്മണ്യപ്പിള്ള, സുരുളിയണ്ടി ആശാരി, പളനിവേൽ കൗണ്ടർ, മുൻ എംഎൽഎ പാണ്ഡ്യരാജ് ഉൾപ്പെടെ 80ൽപരം സ്വാതന്ത്ര്യ സമര സേനാനികളെ ഈ ഗ്രാമം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.