പാലക്കാട് > കേന്ദ്രസർക്കാർ പൂട്ടാൻ തീരുമാനിച്ച കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഇപ്പോഴും ലാഭത്തിൽ. ഗാന്ധിജയന്തി ദിനത്തിൽ ഈ സ്ഥാപനത്തിന് 50 വർഷം തികയുകയാണ്. തൊഴിലാളികളുടെ അർപ്പണബോധവും ഇച്ഛാശക്തിയും കാര്യക്ഷമതയുമാണ് ചാലകശക്തി. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയെ പ്രതിരോധിച്ചാണ് മുന്നേറ്റം.
ലോകത്തിലെതന്നെ മികച്ച സേഫ്റ്റി, ബട്ടർഫ്ലൈ, കൺട്രോൾ വാൽവുകൾ നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ തുടക്കംമുതൽ ഇന്നുവരെ ലാഭത്തിലാണ്. പൂട്ടുകയോ, സ്വകാര്യവൽക്കരിക്കുകയോ ചെയ്യുമായിരുന്ന കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ അന്നത്തെ എംപിയായിരുന്ന എം ബി രാജേഷിന്റെ ഇടപെടലിനെ തുടർന്നാണ് 2016ൽ സംസ്ഥാന സർക്കാരിന് കൈമാറാൻ കരാർ ഒപ്പിട്ടത്. എന്നാൽ ഇതുവരെ കൈമാറാൻ കേന്ദ്രം തയ്യാറായിട്ടില്ല. രാജസ്ഥാനിലെ കോട്ടയിലുള്ള ആസ്ഥാനകേന്ദ്രം പൂട്ടിയപ്പോൾ പാലക്കാട് യൂണിറ്റ് സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിച്ചെങ്കിലും നീട്ടിക്കൊണ്ടുപോകുകയാണ്. ഇൻസ്ട്രുമെന്റേഷനിലെ ബിഎംഎസ് നേതൃത്വം കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിയാണ് കൈമാറ്റം വൈകിപ്പിക്കുന്നത്.
തുടക്കംമുതൽ ലാഭത്തിൽ പ്രവർത്തിച്ചിട്ടും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. 2007ലെ ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ നൽകിയത് 2021ലാണ്. വിരമിച്ചവർക്ക് ഈ ആനുകൂല്യം ലഭിച്ചതുമില്ല. 2016നുശേഷം സ്ഥിരം നിയമനമില്ല. 2026 ആകുമ്പോഴേക്കും സ്ഥിരം ജീവനക്കാരുടെ എണ്ണം നൂറിൽത്താഴെയാകും. അതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കായിരിക്കും ഇൻസ്ട്രുമെന്റേഷൻ പോകുക. സിഎംഡി തസ്തികപോലും ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥാപന മേധാവിയില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാലങ്ങളായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ സുവർണ ജൂബിലിയോടനുബന്ധിച്ച് സ്ഥിരപ്പെടുത്തണമെന്നാണ് യൂണിയന്റെ ആവശ്യം.
2015ലാണ് രാജസ്ഥാനിലെ കോട്ട യൂണിറ്റ് പൂട്ടിയത്. കഞ്ചിക്കോട് യൂണിറ്റ് 64 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ 2018 നവംബർ 16ന് കേന്ദ്രസർക്കാരുമായി ധാരണപത്രം ഒപ്പുവച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് നീട്ടിവച്ചു. യൂണിറ്റ് തുടങ്ങാൻ 50 വർഷംമുമ്പ് സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്തിന് വിപണിവില വേണമെന്ന നിർബന്ധം കാരണം ഏറ്റെടുക്കൽ തടസ്സപ്പെട്ടു. 120 സ്ഥിരം ജീവനക്കാരും ഏകദേശം 150 കരാർ ജീവനക്കാരും നൂറോളം ട്രെയിനികളും അറുപതോളം മറ്റ് ജീവനക്കാരും നിലവിൽ ജോലി ചെയ്യുന്നു.