ലണ്ടൻ > യുവേഫ ചാമ്പ്യൻസ് ലീഗിൽ എഫ് സി ബാഴ്സലോണ, ആഴ്സണൽ ടീമുകൾക്ക് സീസണിലെ ആദ്യ ജയം. കരുത്തരുടെ പോരാട്ടത്തിൽ ആഴ്സണൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ ബാഴ്സലോണ യങ് ബോയ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. ജയത്തോടെ നാല് പോയിന്റുമായി ആഴ്സണൽ പോയിന്റ് ടേബിളിൽ എട്ടാമതും മൂന്ന് പോയിന്റുമായി ബാഴ്സലോണ പത്താമതുമാണ്.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ എസി മിലാനെ ബയേർ ലെവർകൂസൻ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. വിക്ടർ ബോണിഫേസ് ആണ് ലെവർകൂസനായി ഗോൾ വല കുലുക്കിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ പട്ടികയിൽ ലെവർകൂസൻ മൂന്നാമതെത്തി. രണ്ട് മത്സരങ്ങളിലം പരാജയപ്പെട്ട എസി മിലാൻ 29-ാം സ്ഥാനത്താണ്.
പിഎസ്ജിക്കെതിരായ മത്സരത്തിൽ ആഴ്സണലിന് വേണ്ടി കയ് ഹാവേർട്സ്, ബുകായോ സാക എന്നിവരാണ് ഗോളുകൾ നേടിയത്. ബാഴ്സലോണയ്ക്കായി ലെവൻഡോസ്കി രണ്ടും റഫീന്യ, ഇനിഗോ മാർട്ടിനസ് എന്നിവർ ഓരോ ഗോൾ വീതവും നേടി. അഞ്ചാമത്തേത് സെൽഫ് ഗോളായിരുന്നു. രണ്ട് മത്സരങ്ങളിൽ ഒരു വിജയവുമായി ടേബിളിൽ 18-ാം സ്ഥാനത്താണ് പിഎസ്ജി. യങ് ബോയ്സ് അവസാന സ്ഥാനമായ 36-ാമതും.
മറ്റ് മത്സരങ്ങളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ക്ലബ്ബ് ബ്രുജിനെയും മാഞ്ചസ്റ്റർ സിറ്റി ബ്രാറ്റിസാവയേയും തോൽപ്പിച്ചു. പട്ടികയിൽ ഡോർട്ട്മുണ്ട് ആദ്യ സ്ഥാനത്തും സിറ്റി നാലാമതുമാണ്.