തിരുവനന്തപുരം
ദേശാഭിമാനി പത്രത്തിൽ ഒന്നാംപേജിൽ വന്ന വാർത്തയെക്കുറിച്ച് സിപിഐ എം അന്വേഷണം നടത്തുമെന്ന് മലയാള മനോരമയുടെ വ്യാജവാർത്ത. പാർടിയോ ദേശാഭിമാനിയോ ഇക്കാര്യം അറിഞ്ഞിട്ടില്ലെങ്കിലും മനോരമ ഇത് അറിഞ്ഞുവത്രേ.
മലയാള മനോരമ ചൊവ്വാഴ്ച 11ാം പേജിലാണ് ‘പാർടിപത്രത്തിൽ അൻവറിന്റെ വാർത്ത: സിപിഐ എം പരിശോധിക്കും ’ എന്ന് വാർത്ത കൊടുത്തത്. സെപ്തംബർ 26ന് പി വി അൻവർ നടത്തിയ വാർത്താസമ്മേളനത്തെക്കുറിച്ച് പിറ്റേന്ന് ദേശാഭിമാനി ഒന്നാംപേജിൽ വാർത്ത നൽകിയത് സംശയാസ്പദമാണെന്നാണ് മനോരമ പറയുന്നത്. അതെങ്ങിനെ സംഭവിച്ചുവെന്ന് സിപിഐ എം അന്വേഷിക്കുകയാണെന്നും പറയുന്നു. അത്തരമൊരു അന്വേഷണമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണം നടക്കുന്നതായാണ് മനോരമയ്ക്ക് കിട്ടിയ ‘ഹോട്ട് മെസേജ്’.
രണ്ടുദിവസംമുമ്പാണ് ദേശാഭിമാനി ഒന്നാംപേജിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പ്രസംഗം പ്രാധാന്യത്തോടെ കൊടുത്തത്. മനോരമ പറയുന്നതുപോലെയാണെങ്കിൽ അതിൽ അന്വേഷണം വേണ്ടേ.
സിപിഐ എമ്മിനെതിരായി 22 കാരറ്റ് നുണപ്രസിദ്ധീകരിക്കുന്നത് മനോരമയ്ക്ക് പുതിയ കാര്യമല്ല, പക്ഷേ, പാർടി അന്വേഷിക്കുന്നുവെന്ന് പറയുമ്പോൾ ആധികാരികത വരുത്താൻ ഉത്തരവാദിത്തം പത്രത്തിനുണ്ട്. എതിർപക്ഷത്തുള്ള ഏത് നേതാവിന്റെയും പാർട്ടിയുടെയും പ്രസക്തമായ ഒരു വാർത്തയും ദേശാഭിമാനി തമസ്കരിക്കാറില്ല. അൻവർ പറഞ്ഞത് എന്താണെന്ന് വായനക്കാരെ അറിയിക്കേണ്ടത് പത്രത്തിന്റെ ഉത്തരവാദിത്തമാണ്. അതിനെ ദുഷ്ടലാക്കോടെ സമീപിക്കുന്നത് മനോരമയുടെ പാരമ്പര്യവും.
സ്വന്തം സർക്കുലേഷൻ കുത്തനെ കുറയുന്നതിലെ പരിഭ്രാന്തി നുണ വാർത്തകളിലും സിപിഐ എം വിരുദ്ധ പരമ്പരയിലും കാണാം. പത്ര വരിക്കാരുടെ കണക്ക് പ്രസിദ്ധീകരിക്കുന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ (എബിസി) കണക്കെടുപ്പിൽ ചേരുന്നില്ലെന്ന തീരുമാനവും ചില സത്യങ്ങൾ പുറത്തുവരണ്ട എന്നതുകൊണ്ടാകണം.