തിരുവനന്തപുരം > 47-ാമത് സൂര്യാ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ റീമ കല്ലിങ്കലും 10 നർത്തകിമാരും ചേർന്ന് അവതരിപ്പിക്കുന്ന നെയ്ക്ക് നൃത്തശിൽപ്പത്തോടെയാണ് ആരംഭം. തുടർന്ന് രാത്രി 7.30ന് രമാ വൈദ്യനാഥനും മകൾ ദക്ഷിണാ വൈദ്യനാഥനും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.
111 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവത്തിൽ രണ്ടായിരത്തിൽപ്പരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. സംഗീതം, നൃത്തം, നാടകം, ചിത്രരചന, പ്രസംഗം, ചലച്ചിത്രം, ലഘു ചലച്ചിത്രങ്ങൾ, കവിയരങ്ങ്, കഥയരങ്ങ്, ശിൽപ്പശാല തുടങ്ങിയ വിവിധ കലകളെ ഒരു കുടക്കീഴിൽ എത്തിക്കുന്നു എന്നതാണ് മേളയുടെ പ്രത്യേകത.
2 മുതൽ 10 വരെയുള്ള നൃത്ത സംഗീതമേളയിൽ യേശുദാസ്, ശോഭന, പ്രിയദർശിനി ഗോവിന്ദ്, ആശാ ശരത്ത്, മീനാക്ഷി ശ്രീനിവാസൻ, ലക്ഷ്മി ഗോപാലസ്വാമി, നവ്യാ നായർ, രമാ വൈദ്യനാഥൻ, ജാനകീ രംഗരാജൻ, വിദ്യാ സുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 21ന് ആണ് ഫെസ്റ്റിവൽ സമാപനം.