ചെന്നൈ > യുവതികളെ ലൗകീക ജീവിതം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സദ്ഗുരു ജഗ്ഗി വാസുദേവിനോട് മദ്രാസ് ഹൈക്കോടതി. സ്വന്തം മകളെ വിവാഹം കഴിപ്പിച്ച് അയച്ച ശേഷം മറ്റു യുവതികളെ ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസിമാരെപ്പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു കോടതിയുടെ ചോദ്യം.
തമിഴ്നാട് കാർഷിക സർവകലാശാല അധ്യാപകനായിരുന്ന എസ് കാമരാജിന്റെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഇദ്ദേഹത്തന്റെ നാല്പത്തിരണ്ടും മുപ്പത്തിയൊൻപതും വയസുള്ള രണ്ട് മക്കൾ നിലവിൽ കോയമ്പത്തൂരിലെ ഇഷാ യോഗാ സെൻ്ററിലാണ് താമസിക്കുന്നത്. അവരെ കാണാനോ ബന്ധപ്പെടാനോ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്ന് കാമരാജ് കോടതി മുൻപാകെ വ്യക്തമാക്കി. പിതാവെന്ന നിലയ്ക്ക് അതീവ ദു:ഖിതനാണെന്നും കാമരാജ് ബോധിപ്പിച്ചു.
മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള കാമരാജിന്റെ രണ്ട് പെണ്മക്കളും ഇഷ ഫൗണ്ടേഷനിലാണ് കഴിയുന്നത്. അവരെ മനം മാറ്റിയതിലൂടെയാണ് പെണ്മക്കൾ തന്നെ വിട്ടുപോയതെന്നാണ് അദ്ദേഹം കോടതി മുൻപാകെ പരാതിപ്പെട്ടത്. ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തിൽ നല്ല നിലയിലെത്തിക്കുകയും ചെയ്തശേഷം മറ്റുള്ളവരോട് ലൗകിക ജീവിതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയാണെന്ന സാഹചര്യവും ചൂണ്ടികാട്ടി.
ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസുകളും ലൈംഗിക പീഡന കേസുകളും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും കാമരാജ് കോടതിയിൽ ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ എല്ലാ കേസുകളുടെയും വിശദാംശങ്ങൾ തമിഴ്നാട് ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, വി ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചാണ് ഇഷ ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരുവിനോട് യുവതികളെ ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസിമാരെപ്പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തിനാണെന്ന ചോദ്യം ഉന്നയിച്ചത്.
തൻ്റെ പെൺമക്കളെ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കാമരാജ് ഹരജി നൽകി. തിങ്കളാഴ്ച കോടതിയിൽ ഹാജരായ രണ്ടു മക്കളും, തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനിൽ താമസിക്കുന്നതെന്നും തടങ്കലിലല്ലെന്നും മൊഴി നൽകി.