ഹാപൂർ > ഉത്തർപ്രദേശിലെ ഹാംപൂരിൽ ആമയെ പിടിച്ച് കറിവച്ചതിന് രണ്ട് യുവാക്കൾ അറസ്റ്റിൽ. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആമയിറച്ചി കഴിക്കുവാനൊരുങ്ങുന്നതിനിടെ രണ്ടുപേരും പിടിയിലായത്. രാജസ്ഥാൻ സ്വദേശികളായ മുകേഷ്, ഓംപാൽ എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പിന്റെ പരാതിയെ തുടർന്ന് രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തു.
രാജ്യത്തെ ഭൂരിഭാഗം ആമകളും വന്യജീവി സംരക്ഷണ നിയമത്തിനു കീഴിൽ സംരക്ഷിക്കപ്പെടുന്നവയാണ്. ആമകളെ വേട്ടയാടുന്നതോ വ്യാപാരം ചെയ്യുന്നതോ നിയമപരമായി കുറ്റകരമാണ്. ആമയുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നത് ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഉപയോഗവും നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.
ഹാപൂരിലെ ബ്രജ്ഘട്ടിന് സമീപമുള്ള പൽവാര റോഡിൽ രണ്ട് യുവാക്കൾ ആമയെ കൊന്ന് ഇറച്ചി പാകം ചെയ്യുന്നത് നാട്ടുകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ നാട്ടുകാർ ഗഡ്മുക്തേശ്വർ പൊലീസിൽ അറിയിക്കുകയായിരുന്നു.