തൃശൂർ > കർഷകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയൊരുക്കാൻ കൃഷി വകുപ്പ് വഴി കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ തുറക്കുന്നു. കാർഷികോൽപ്പന്ന വിപണന- വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യഘട്ടം 15 ഷോപ്പുകളാണ് തുറക്കുക. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോ ഷോപ്പും തുറക്കും.
കർഷകരുടെയും കാർഷികോൽപ്പാദക കമ്പനികളുടെയും അറൂനൂറിൽപ്പരം ഉൽപ്പന്നങ്ങൾക്ക് ഇതിനകം കേരള ഗ്രോ ബ്രാൻഡുകൾ അനുവദിച്ചു. ഈ ഉൽപ്പന്നങ്ങൾ ഷോപ്പുകൾ വഴി ലഭിക്കും. കൃഷിവകുപ്പ് ഫാമുകൾ, കെയ്കോ, ഹോർട്ടികോർപ്, ഓയിൽ പാം, നാളികേര വികസന കോർപറേഷൻ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും ഷോപ്പുകൾ വഴി ലഭിക്കും. നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ബ്രാൻഡിങ്ങിനായി അപേക്ഷിച്ചിട്ടുണ്ട്.
വെള്ളയും പച്ചയും നിറത്തിൽ ഒരേ മാതൃകയിലാണ് ഷോപ്പുകൾ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് കൃഷിഭവൻ വഴിയുള്ള അപേക്ഷകൾ ജില്ലാ, സംസ്ഥാന തല സമിതികൾ പരിശോധിച്ചാണ് ബ്രാൻഡ് നൽകുക. ഭക്ഷ്യസുരക്ഷാ ലൈസൻസ്, ജിഎസ്ടി ഉൾപ്പെടെ എല്ലാ ലൈസൻസുകളും വേണം. ഉൽപ്പന്നങ്ങളിലെ മൂലക പരിശോധന നടത്തണം. ഗുണമേന്മ ഉറപ്പാക്കണം, ആകർഷകമായ പാക്കിങ് നിർബന്ധമാണ്. ഇതിനായി സർക്കാർ ഗ്രാന്റ് അനുവദിക്കും. പരിശോധനകൾക്ക് ശേഷം ബ്രാൻഡിങ് അനുവദിക്കുന്നതോടെ ഉൽപ്പന്നങ്ങൾ സർക്കാർ അംഗീകൃതമായി മാറും. കമീഷൻ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാൽ ഉൽപ്പാദകർക്ക് മികച്ച വില ലഭിക്കും. കൃഷിക്കൂട്ടങ്ങൾ, അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കാണ് ഷോപ്പ് നടത്തിപ്പിന് ചുമതല. കൃഷി അസി. ഡയറക്ടർ മേൽനോട്ടം വഹിക്കും.