തിരുവനന്തപുരം
സംസ്ഥാനത്ത് ഈ വർഷത്തോടെ 116 സായംപ്രഭ ഡേകെയറുകൾ സജ്ജമാകും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വയോജനങ്ങളുടെ പരിപാലനം ലക്ഷ്യമിട്ടാണ് സാമൂഹ്യനീതി വകുപ്പ് സായംപ്രഭ പദ്ധതി പ്രകാരം ഡേകെയറുകൾ ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവരുടെ പകൽസമയ ഒത്തുചേരലുകൾ സുഗമമാക്കുകയാണ് ലക്ഷ്യം. വിനോദ പ്രവർത്തനങ്ങൾ, ഐഇസി സെഷനുകൾ എന്നിവയ്ക്കും ഈ കേന്ദ്രങ്ങൾ വേദിയൊരുക്കുന്നു. മുതിർന്ന പൗരർക്ക് പരസ്പരം ഇടപഴകാനും തമ്മിലറിയാനും അവസരം നൽകി അവരുടെ ഏകാന്തതയും സമ്മർദവും കുറയ്ക്കുകയും ലക്ഷ്യമാണ്. നിലവിൽ 71 സായംപ്രഭ ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന കടമയാണ് സാമൂഹ്യനീതി വകുപ്പിനുള്ളതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ജെറിയാട്രിക് കെയർ, ഹോം നഴ്സിങ് എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയ പരിശീലനത്തിനും സർട്ടിഫിക്കേഷനും പ്രോട്ടോകോൾ തയ്യാറാക്കുന്ന നടപടികളും തുടക്കമായി. ഡിമെൻഷ്യ, അൽഷിമേഴ്സ് മുതലായ ഓർമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാസ്ത്രീയ ചികിത്സയും പരിചരണവും ലഭ്യമാക്കുന്നുണ്ട്. സെക്കൻഡ് ഇന്നിംഗ്സ് ഹോമുകൾ, പ്രായമായ പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്ററും ഇൻസുലിനും നൽകുന്ന വയോമധുരം പദ്ധതി, മുതിർന്ന പൗരന്മാർക്ക് കൃത്രിമ പല്ലുകൾ നൽകുന്ന മന്ദഹാസം പദ്ധതി തുടങ്ങിയ വിവിധ സംരംഭങ്ങളും സർക്കാർ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.