തിരുവനന്തപുരം
അടിസ്ഥാന ജനവിഭാഗങ്ങളെ പൊതുധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി 16 വിവിധ പരിപാടി സംഘടിപ്പിക്കും. “മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി’ എന്നതാണ് ഈ വർഷത്തെ ഐക്യദ്യാർഢ്യ സന്ദേശം. പട്ടികജാതി- പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മറ്റു വകുപ്പുമായി ചേർന്നാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. ഇതിനായി നിയമസഭാമണ്ഡലങ്ങളിൽ പ്രത്യേക സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാനതല ഉദ്ഘാടനം ബുധൻ വൈകിട്ട് 3.30ന് ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. സംസ്ഥാനതല സമാപനം 15ന് വയനാട്ടിൽ. പട്ടികവിഭാഗ, പിന്നാക്ക വകുപ്പുകളിലെ സ്ഥാപനങ്ങളിൽ ശുചീകരണം, ആവാസ കേന്ദ്രങ്ങളെ ശുചിത്വ മാതൃകകളാക്കൽ, ആരോഗ്യ ക്യാമ്പ്, പഠനം പാതിവഴിയിൽ നിലച്ചവരെ തിരികെ സ്കൂളിലും കോളേജിലുമെത്തിക്കൽ, തൊഴിൽമേള, സ്വയംതൊഴിൽ ചെറുകിട വ്യവസായ സംരംഭകർക്ക് ക്ലാസ്, വിവിധ വിഷയങ്ങളിൽ ദേശീയ സെമിനാർ, ശിൽപശാല, വായ്പാമേള, വായ്പാ പുനക്രമീകരണം, ലഹരി വിരുദ്ധ പ്രചാരണം തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.