തിരുവനന്തപുരം
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും സഹായം നൽകാതെ കേന്ദ്ര അവഗണന. വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനം വിശദമായ നിവേദനം സമർപ്പിച്ചിരുന്നു. ആഗസ്ത് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായും ചർച്ച നടത്തി. വയനാട് ദുരന്തത്തിനുശേഷം പ്രളയം ബാധിച്ചആന്ധ്രപ്രദേശ്, തെലങ്കാന, ത്രിപുര, സിക്കിം, അസം സംസ്ഥാനങ്ങൾക്ക് ഉടനടി കേന്ദ്രംസഹായം അനുവദിക്കുകയും ചെയ്തു.
ജൂലൈ 29നോണ് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തമുണ്ടായത്. ഉരുൾപൊട്ടൽ അറിഞ്ഞതുമുതൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തിയത്. നാലു മന്ത്രിമാർ ഒരുമാസത്തിലേറെ വയനാട്ടിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. പതിനൊന്നാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്കൊപ്പം ദുരന്തബാധിത മേഖല സന്ദർശിച്ചു. കലക്ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കുകയുംചെയ്തു.
കേരളത്തിന് അടിയന്തര സഹായം വേണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രിയോട് വിശദമായ നിവേദനം നൽകാനാണ് അദ്ദേഹം നിർദേശിച്ചത്. യോഗത്തിൽതന്നെ സഹായപ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയവരെ പ്രധാനമന്ത്രി നിരാശനാക്കി. ആഗസ്ത് ഒമ്പതിന് കേന്ദ്രസംഘം സ്ഥയം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. ആഗസ്ത് 17ന് 1202 കോടിയുടെ പ്രാഥമികസഹായത്തിനായുള്ള നിവേദനം സംസ്ഥാനം സമർപ്പിച്ചു.
എന്നാൽ, സെപ്തംബർ ഏഴിന് വെള്ളപ്പൊക്കമുണ്ടായ തെലങ്കാനയിൽ കെടുതികൾ അവലോകനംചെയ്യാനെത്തിയ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് ചൗഹാൻ തെലങ്കാനയ്ക്കും ആന്ധ്രപ്രദേശിനുമായി 3,448 കോടിയുടെ സഹായം പ്രഖ്യാപിച്ചു. ത്രിപുരയ്ക്ക് 40 കോടിയും അസമിനും സിക്കിമിനുമായി 11,000 കോടിയും അനുവദിച്ചു. കേന്ദ്രസഹായം കിട്ടാതിരുന്നിട്ടും ദുരന്തബാധിതർക്കായി കേരളം വിതരണംചെയ്തത് 11 കോടി രൂപയാണ്. രക്ഷാപ്രവർത്തനത്തിനും കോടികൾ ചെലവിട്ടു. ദുരന്തബാധിത കുടുംബങ്ങൾക്ക് റെക്കോർഡ് വേഗത്തിലാണ് താൽകാലിക പുനരധിവാസസൗകര്യം ഒരുക്കിയത്.