ന്യൂയോർക്ക്
ഭൂമിയുടെ ഭ്രമണപഥത്തിൽ അതിഥിയായി ഒരു ‘ചന്ദ്രൻ’ കൂടി എത്തി. വാനനിരീക്ഷകർക്ക് കൗതുകം പകർന്ന് അടുത്തമാസം അവസാനം മിനി മൂൺ മടങ്ങും. പത്ത് മീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹം കഴിഞ്ഞ ദിവസമാണ് ഭൂമിയുടെ ആകർഷണ വലയത്തിൽപെട്ടത്. ആഗസ്തിൽ സ്പെയിനിലെ ഒരു സംഘം ഗവേഷകരാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2024 പിടി 5 എന്ന് പേരിട്ടിരിക്കുന്ന കൂറ്റൻ പാറ താൽക്കാലികമായി ഭൂമിയെ ഭ്രമണം ചെയ്യും. ദീർഘവൃത്താകൃതിയിൽ സഞ്ചരിക്കുന്ന പിടി 5 നവംബർ 25 ന് ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പുറത്തുപോകും. 2055ൽ വീണ്ടും എത്തും. സൗരയൂഥത്തിലെ അർജുനാ ആസ്ട്രോയിഡ് ബെൽറ്റിൽ നിന്നാണ് പിടി 5 ന്റെ വരവ്. തിളക്കം കുറവായതിനാൽ നഗ്ന നേത്രംകൊണ്ട് കാണാനാവില്ല. ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കാണാനാവും. ലോകമെങ്ങുമുള്ള വാന നിരീക്ഷണ കേന്ദ്രങ്ങൾ ഛിന്നഗ്രഹത്തിന്റെ വരവ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.